തലശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിണറായി വണ്ണത്താൻ വീട്ടിൽ സൗമ്യയെ പോലീസ് വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിവിധ സമയങ്ങളിൽ ഭക്ഷണത്തിൽ എലിവിഷം ചേർത്തു നൽകിയ പാത്രങ്ങൾ എന്നിവ കസ്റ്റഡിയിലെത്തു.
തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഡൊണാൾഡ് സെക്വയർ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇതിനുപിന്നാലെ പ്രതിയെ കൂടുതൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നു കാണിച്ച് അന്വേഷണസംഘം നൽകിയ ഹർജി പരിഗണിച്ച് പ്രതിയെ 28 വരെ പോലീസ് കസ്റ്റഡിയിൽവിട്ടു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന റിമാൻഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വിട്ടത്.
ഇതിനിടെ യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ചിലരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരെ ചോദ്യംചെയ്തത്. ഇതിൽ യുവതിയുടെ കാമുകൻ എന്നു കരുതുന്നയാൾ പോലീസ് കസ്റ്റഡിയിലാണ്. കൊലയ്ക്കു പിന്നിൽ ഇയാളുടെ പ്രേരണയുണ്ടെന്നാണ് പോലീസ് കരുതുന്നത്.
പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രദേശത്ത് വൻതോതിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. പോലീസ് വാഹനത്തിൽനിന്നും പ്രതിയെ പുറത്തിറക്കിയതുമുതൽ തിരിച്ചുകയറ്റുന്നതു വരെ ജനക്കൂട്ടം കൂക്കിവിളിക്കുകയും അസഭ്യംപറയുകയും ചെയ്യുന്നുണ്ടായിരുന്നു.