സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ എട്ടുവര്‍ഷമായി വനവാസം നടത്തുന്ന മാവോയിസ്റ്റുകളെ പുകച്ചു പുറത്തുചാടിക്കാന്‍ ആന്റി ടെററിസ്റ്റ് ഫോഴ്സിന്റെ ഓപ്പറേഷന് !
കേരള - തമിഴ്നാട് – കര്‍ണാടക വനാതിര്‍ത്തി (ട്രയാങ്കിള്‍ ) കളില്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളെയും ഇവര്‍ക്ക് നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളെയും മാവോയിസ്റ്റുകള്‍ക്ക് നഗരത്തില്‍നിന്ന് സഹായം എത്തിച്ചു നല്കുന്ന കൊറിയറുകളേയും കണ്ടെത്താനുള്ള ദൗത്യമാണ് ആരംഭിച്ചത്.
40 ഓളം പേര് ഇനിയും കേരള വനാതിര്‍ത്തികളില്‍ തമ്പടിച്ചതായാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യില്‍ എന്‍ഐഎയിലെ ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാന പോലീസില്‍ തിരിച്ചെത്തിയ എസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ അര്‍ബണ്‍ കമാഡോകളടങ്ങിയ സംഘമാണ് ദൗത്യസേനയിലുള്ളത്.
വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവധ കേന്ദ്രങ്ങളിലും വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഇന്നലെ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് പേരെ എടിഎഫ് പിടികൂടിയിട്ടുണ്ട്.
സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയും ഗറില്ലാ സംഘതലവനുമായ ബി.ജി.കൃഷ്ണമൂര്‍ത്തി, കബനീ ദളത്തിലെ കേഡറായ സാവിത്രി എന്നിവരെയാണ് എടിഎഫ് പിടികൂടിയത്. ഇവരെ എടിഎഫ് ചോദ്യം ചെയ്തുവരികയാണ്.
കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. കൃഷ്ണമൂര്‍ത്തിയെ പിടികൂടാനായത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഏറെ സഹായകമാണെന്നാണ് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും കരുതുന്നത്.
കൃഷ്ണമൂര്ത്തിയാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദിവാസികള്‍ക്കിടയിലും മറ്റും സ്വാധീനമുണ്ടാക്കാനുള്ള പല നീക്കങ്ങളും നടത്തിയതിന് പിന്നിലും കൃഷ്ണമൂര്‍ത്തിയുടെ പങ്ക് വലുതാണ്.
സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യകതമായ നിര്‍ദേശവും ആയുധപരിശീലനത്തിനും കൃഷ്ണമൂര്‍ത്തി നേതൃത്വം നല്‍കുന്നതായാണ് വിവരം.
വയനാട് കേന്ദ്രീകരിച്ചുള്ള കബനീ ദളത്തിന്റെയും നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളത്തിന്റെയും ചുമതല വഹിച്ച കൃഷ്ണമൂര്ത്തിയില്നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.
കൂടാതെ നഗരമാവോയിസ്റ്റുകളിലേക്കുള്ള അന്വേഷണത്തിന് നിര്‍ണായകവിവരങ്ങള്‍ എടിഎഫിന് പ്രതികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 2013 ഫെബ്രുവരി മുതലാണ് കേരള വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചത്.
അന്ന് മുതല്‍ മാവോയിസ്റ്റുകളെ പിടികൂടുന്നതിനും മറ്റുമായി പ്രത്യേക സേന രൂപീകരിച്ചിരുന്നു. ഏറ്റവുമൊടുവിലാണ് ആന്റി ടെററിസ്റ്റ് ഫോഴ്സിന് രൂപം നല്‍കിയത്.
കബനി ദളത്തിലെ ഡപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജീഷ് വഴി കാട്ടിലേക്ക്…
ആഴ്ചകള്‍ക്കു മുമ്പ് കീഴടങ്ങിയ കബനി ദളത്തിലെ ഡപ്യൂട്ടി കമാന്‍ഡന്റായിരുന്ന പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമുവില്നിന്ന് ലഭിച്ച വിവരങ്ങള്‍ അടസിഥാനമാക്കിയും എടിഎഫ് പരിശോധന നടത്തുന്നുണ്ട്.
ലിജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏതാനും ദിവസം മുമ്പ് മുരുകന് എന്ന ഗൗതമിനെ പിടികൂടിയിരുന്നു. ഗൗതം നല്കിയ വിവരത്തത്തുടര്ന്നാണ് കര്‍ണാടകയിലെ മദിരൂരില്വച്ച് കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയെയും പിടികൂടാന്‍ എടിഎഫിന് സാധിച്ചതെന്നാണ് വിവരം.
ഗറില്ലാ ആര്‍മി അംഗവും ഒളിപ്പോരാളിയുമായ ഗൗതമും കൃഷ്ണമൂര്‍ത്തിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നാണ് പോലീസ് പറയുന്നത്. അര്‍ബണ്‍ കമ്മിറ്റിയുടെ കൊറിയറായും ഗൗതം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗൗതമിന്റെയും കൃഷ്ണമൂര്‍ത്തിയുടെയും മൊഴികള്‍ അടിസ്ഥാനമാക്കിയാണ് എടിഎഫ് ഇപ്പോള്‍ പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ രാഘവേന്ദ്രനില്നിന്നു പല വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.