തൃപ്പൂണിത്തുറ: ആഘോഷച്ചമയങ്ങളുമായി അത്തം ഘോഷയാത്ര നാളെ. പണ്ടെങ്ങോ മുടങ്ങിപ്പോയ കൊച്ചി രാജാവിന്റെ ചമയപ്പുറപ്പാടിനെ അനുസ്മരിച്ച് നടക്കുന്ന വർണോജ്വല ഘോഷയാത്ര അത്തംനഗറിൽ നിന്നുമിറങ്ങി രാജവീഥികളിലൂടെ നഗരം ചുറ്റി അത്തംനഗറിൽ തിരിച്ചെത്തുന്നതോടെ മലയാളക്കര ഓണാഘോഷത്തിന്റെ ലഹരിയിലാറാടും.
സംസ്ഥാനത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒന്പതിന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നടക്കുന്ന ആഘോഷങ്ങൾക്ക് കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.
മന്ത്രി പി. രാജീവ് അത്തം പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ, നഗരസഭാ അധ്യക്ഷ രമ സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കും.
10ഓടെ നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര അത്തംനഗറിലെ പടിഞ്ഞാറെ കവാടത്തിലൂടെ നഗരവീഥിയിലേക്കിറങ്ങും.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും മലബാറിലെ വിവിധതരം തെയ്യങ്ങളും കഥകളി വേഷങ്ങൾ, കരകാട്ടം, പുലികളി, അർജുന നൃത്തം, കുമ്മാട്ടി, മാൻ നൃത്തം, ബൊമ്മലാട്ടം, മയിലാട്ടം, ഗരുഡൻ പറവ, കുയിൽ കുമ്മി, പടയണി, ദഫ്മുട്ട്, പൂക്കാവടി, പീലിക്കാവടി, പുരാണ കഥാപാത്രങ്ങൾ തുടങ്ങി ഒട്ടനവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.
സ്റ്റാച്യൂ, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, കോട്ടയ്ക്കകം വഴി ഉച്ചകഴിഞ്ഞ് 2.30ഓടെ ഘോഷയാത്ര അത്തം നഗറിൽ തിരിച്ചെത്തും.
മൂന്നിന് സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കള പ്രദർശനം തുടങ്ങും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിലെ തിരുവോണം നഗറിൽ കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഉത്രാടം നാൾ വരെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. അത്തം നഗറിൽ ട്രേഡ് ഫെയറും അമ്യൂസ്മെന്റ് പാർക്കും നഗരസഭ ഒരുക്കിയിട്ടുണ്ട്.