പ്രദീപ് ഗോപി
ഇന്ന് അത്തം, ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒാണം. ഓണം എന്നാൽ മലയാളിക്ക് ആഘോഷത്തിന്റെ നാളുകളാണ്. ജാതിമത ഭേദമെന്യേ മലയാളികൾ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം. അത്തം മുതൽ പത്ത് നാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷം പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്.
ചിങ്ങം പിറക്കുന്നതോടെ ഓണം കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷം അത്തത്തിന് പൂക്കളമിടുന്നതോടെ ആരംഭിക്കുകയായി. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. ഈ പത്തു ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്. അവ ഇങ്ങനെ,
അത്തച്ചമയത്തിന്റെ ആദ്യനാൾ
ഓണത്തിന്റെ ആദ്യദിവസമായ അത്തം നാൾ ആഘോഷമാരംഭിക്കുന്നത് വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിലൂടെയാണ്. മബാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വേണ്ടി പാതാളത്തിൽനിന്ന് കേരളക്കരയിലേക്ക് യാത്രയാരംഭിക്കുന്നതിന്റെ ഒരുക്കം തുടങ്ങുന്നത് അത്തത്തിനാണെന്നാണ് വിശ്വാസം.
കൊച്ചി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും ഈ ദിവസമാണ്. ഓരോ വീട്ടുമുറ്റത്തും പൂക്കളമിട്ടു തുടങ്ങുന്നത് അത്തത്തിന് തന്നെ. ചിലയിടങ്ങളിൽ ഈ ദിവസത്തെ പൂക്കളത്തിന് ഒരു നിറവും ഒരു വട്ടവും മാത്രമാണ് ഉണ്ടാകുക.
വീടൊരുക്കി ചിത്തിര
വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവർത്തിക്കായി ഒരുങ്ങുന്നത് രണ്ടാം ദിവസമായ ചിത്തിരയിലാണ്. പൂക്കളത്തിന് ഒരു വട്ടം കൂടി ഉൾപ്പെടുത്തുന്നു. ഒപ്പം ഒരു നിറം കൂടിയും. ചിലയിടങ്ങളിൽ പൂക്കളമിടുന്നതിന് നിയമമുണ്ട്.
കോടിയെടുക്കാൻ ഓടി നടക്കാൻ ചോതി
പൂക്കളത്തിന് നിറവും വലിപ്പവും കൂടി വരുന്നു ചിത്തിരയിൽ. ഒപ്പം വീട്ടിലെ ഗൃഹനാഥന്റെ കൈയിലെ പണം കുറയുകയും ചെയ്യും. ഓണക്കോടി എടുക്കാനും ഓണസമ്മാനങ്ങൾ നൽകാനും ഈ ദിവസമാണ് ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്.
പഴമക്കാരുടെ വിശാഖം
ഓണാഘോഷങ്ങളിൽ വിശാഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. സദ്യ വട്ടങ്ങൾക്ക് പച്ചക്കറികളും മറ്റും വാങ്ങുകയും സദ്യയൊരുക്കി തുടങ്ങുകയും ചെയ്യുന്ന ദിവസം.
വള്ളംകളി ഒരുക്കം അനിഴത്തിൽ
ഓണത്തിന്റെ ഈ അഞ്ചാം നാളിലാണ് ആറന്മുള ഉത്തൃട്ടാതി വള്ളംകളിയ്ക്കായി പള്ളിയോടങ്ങളെ ഒരുക്കുന്നത്.
സമ്മാനം കൈമാറാം തൃക്കേട്ടയിൽ
ആറാം നാൾ ആറു തരം പൂക്കളിട്ട് ഒരുക്കുന്ന പൂക്കളം. ബന്ധുവീടുകളിൽ സന്ദർശിക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതും ഈ ദിവസം.
സദ്യക്ക് തുടക്കമിട്ട് മൂലം
തിരുവോണസദ്യയുടെ ഒരു ചെറിയ പരീക്ഷണം നടക്കുന്നത് മൂലം നാളിലാണ്. മിക്ക അന്പലങ്ങളും ഈ ദിവസം മുതൽ ഭക്തജനങ്ങൾക്ക് സദ്യ വിളന്പിത്തുടങ്ങും. കൈകൊട്ടിക്കളിയും പൂക്കൾ കൊണ്ട് ഉൗഞ്ഞാലൊരുക്കി മാഹാബലിയെ കാത്തിരിക്കുന്നതും മൂലം നാളിലാണ്.
തൃക്കാക്കരയപ്പൻ എഴുന്നള്ളും പൂരാടം
ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് പൂരാടനാളിലാണ്. മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങൾ മണ്ണിലുണ്ടാക്കി വയ്ക്കുന്നത് ഈ ദിവസമാണ്. ഓണത്തപ്പനെന്നും ഈ സ്തൂപ രൂപങ്ങളെ വിളിക്കുന്നു. മുറ്റത്ത് ചാണകം മെഴുകി, അരിമാവിൽ കോലങ്ങൾ വരച്ച് പലകയിട്ട് മണ്രൂപങ്ങൾ വയ്ക്കുന്നു. തൃക്കാക്കരയപ്പനും മക്കളുമാണ് ചിലയിടങ്ങളിൽ ഇത്. വീട്ടുപടിക്കലും ഇതുപോലെ അണിഞ്ഞ് മണ്രൂപം വയ്ക്കും.
ഒന്പതാം നാൾ ഉത്രാടപ്പാച്ചിൽ
ഇത് എരിപൊരി തിരക്കുകളുടെ നാൾ. ഒന്നാം ഓണമായ ഉത്രാടത്തിന് വീടെങ്ങും ആഘോഷമായിരിക്കും. ഒപ്പം ഉത്രാടപ്പാച്ചിലും ഈ ദിവസമാണ്. പിറ്റേന്ന് തിരുവോണ ദിവസമായതിനാൽ പച്ചക്കറികളും പൂക്കളും പലഹാരങ്ങളുമെല്ലാം വാങ്ങാനുള്ള ഓട്ടത്തിലായിരിക്കും എല്ലാവരും.
ഇനി പൊന്നിൻ തിരുവോണം
പത്താം നാൾ ആഘോഷങ്ങളുടെ യഥാർഥ ദിവസം; തിരുവോണം. ചിങ്ങം പിറന്ന നാൾ മുതൽ കാത്തിരിക്കുന്ന ദിവസം. ഓണക്കോടി ഉടുത്ത് മഹാബലി ചക്രവർത്തിയെ കാത്തിരിക്കുന്ന ദിവസം. പായസവും പഴവും പപ്പടവും ചേർത്ത് സദ്യയൊരുക്കി മലയാളികൾ ഓണമാഘോഷിക്കുന്നു. കുടുംബത്തിലെ മുതിർന്നവർ മറ്റുള്ളവർക്ക് ഓണക്കോടി സമ്മാനിക്കും.
ഉത്രാടം, തിരുവോണം നാൾ മുതൽ നാലുനാൾ മഹാബലി ചക്രവർത്തി എല്ലാ വീടുകളിലുമെത്തി തന്റെ പ്രജകളുടെ ക്ഷേമം കണ്ടറിയുമെന്നാണ് വിശ്വാസം. അവിട്ടം, ചതയം, ദിവസം വരെയും ഓണാഘോഷങ്ങൾ നീണ്ടു നിൽക്കും. മുറ്റത്തെ തൃക്കാക്കരയപ്പനെ ചതച്ച് കളയുന്ന അഥവാ എടുത്ത് മാറ്റുന്ന ദിവസമാണ് ചതയം. തൃശൂരിൽ പുലി ഇറങ്ങുന്നതും ചതയ ദിനത്തിലാണ്. പൂരുരുട്ടാതി കഴിഞ്ഞ് ഉത്രട്ടാതി നാൾ വള്ളംകളി. ഇതോടെ മലയാളികളുടെ ഓണാഘോഷം അവസാനിക്കും.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ ശ്രീ വാമനമൂർത്തിയാൽ നിഷ്കാസിതനാക്കപ്പെട്ട മഹാരാജാവാണ് മഹാബലി. ഭഗവാന്റെ പാദസ്പർശത്താൽ പാതാളത്തിലേക്കമരുന്പോൾ ഒരേ ഒരു വരം മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ വന്നു കാണാനുള്ള അനുവാദം കൊടുക്കണമെന്ന്. ഭഗവാൻ ആ ആഗ്രഹം നിരസിച്ചില്ല. ആ വരപ്രസാദത്തിന്റെ ലഭ്യതയാലാണ് മഹാബലി തന്പുരാൻ ചിങ്ങമാസത്തിലെ തിരുവോണ ദിവസം കേരളക്കരയിലെത്തുത്. തന്റെ ഇഷ്ടപ്രജകളോടൊപ്പം സദ്യയുണ്ണാൻ , കോടികളുടെ മണമാസ്വദിക്കാൻ , വിചിത്രങ്ങളായ ആഘോഷങ്ങളാടാൻ .
ആണ്ടിലൊരിക്കലെത്തുന്ന മഹാബലിയുടെ വരവിനെക്കുറിച്ചും ചില കഥകൾ പ്രചരിക്കുന്നുണ്ട്. കർക്കടകമാസത്തിലെ തിരുവോണ ദിവസം പാതാളത്തിലിരിക്കുന്ന മഹാബലി തന്റെ തിരുവോണയാത്രയ്ക്കുള്ള ഒരുക്കങ്ങളാരംഭിക്കും. അതാണ് പിള്ളേരോണമായി നമ്മൾ ആചരിക്കുത്. അതും ചെറിയൊരാഘോഷം തന്നെ. അതിന് ശേഷം ചിങ്ങത്തിലെ അത്തം നാളെത്താനുള്ള കാത്തിരിപ്പിലായിരിക്കും മഹാബലി. അത്തം നാളിൽ അതിപുലർച്ചെ മഹാബലി യാത്രയാരംഭിക്കും. ഉത്രാടം വൈകുനേരത്തോടെ ബലിച്ചക്രവർത്തി കേരളത്തിലെത്തും. അതാണ് നമ്മുടെ ഒന്നാം ഓണം.
പിന്നെ പ്രജകളോടൊത്ത് അദൃശ്യനായി സ്നേഹം പങ്കുവയ്ക്കുന്ന ആ മഹാത്മാവ് അഞ്ചാം ഓണദിവസമാണ് പതാളത്തിലേക്ക് മടക്കയാത്ര ആരംഭിക്കുന്നത്. പത്തു ദിവസങ്ങൾ കൊണ്ട് കേരളക്കരയിലെത്തുന്ന മഹാബലി എന്നാൽ തിരിച്ച് പാതാളത്തിലെത്താൻ ഇരുപത്തെട്ടു ദിവസങ്ങൾ എടുക്കുന്നു. അതാണ് കന്നി മാസത്തിലെ തിരുവോണം. അതായത് ഇരുപത്തെട്ടാമോണം.
പൂക്കളം
ഓണാഘോഷത്തിൽ അത്തപ്പൂക്കളത്തിന്റെ പ്രാധാന്യം മാറ്റിനിർത്താൻ കഴിയാത്തതാണ്. എന്നാൽ അത്തപ്പൂക്കളം ഒരുക്കുന്നതിന് പ്രാദേശികമായ രീതിവ്യത്യാസങ്ങളും ഉണ്ട്.ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് മലയാളികൾ വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചിരിത്താൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ഭക്തജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ തന്നെ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നാണ് ഐതിഹ്യം.
ചിങ്ങമാസത്തിലെ അത്തംനാൾ മുതലാണ് അത്തപ്പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുന്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല.രണ്ടാം ദിവസം രണ്ടിനം പൂവുകൾ, മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
ചോതിനാൾ മുതൽ മാത്രമേ ചെന്പരത്തിക്ക് പൂക്കളത്തിൽ സ്ഥാനമുള്ളൂ. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസം ആകുന്പോൾ പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
പൂക്കൾഏതൊക്കെ
നിർബന്ധമായും ഓണപ്പൂക്കളത്തിൽ സ്ഥാനം നൽകേണ്ട ചില പൂക്കളുണ്ട്. എന്നാലിന്ന് ഇവയുടെ സ്ഥാനത്ത് വിപണിയിൽ നിന്നും കിലോകണക്കിന് ലഭിക്കുന്ന പൂക്കളാണ്. ഓണം പൂർണമാകണമെങ്കിൽ പൂക്കളത്തിന്റെ പങ്ക് അനിവാര്യമാണ്. കാലം എത്രയൊക്കെ മാറിയാലും ഓണത്തിന് പൂക്കളം ഇടേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ പൂക്കളാണ് നിർബന്ധമായും അത്തപ്പൂക്കളം തയാറാക്കുന്നതിൽ നിർബന്ധമായും ഇടേണ്ടത് എന്ന് നോക്കാം.
തുന്പപ്പൂ: നാട്ടിൻപുറത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പൂവാണ് തുന്പ. പൂക്കളത്തിലെ ഒഴിവാക്കാനാവാത്ത ഒരു പൂവാണ് തുന്പപ്പൂ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതുണ്ടെങ്കിൽ മാത്രമേ ഓണപ്പൂക്കളം പൂർണമാകുകയുള്ളൂ. മുക്കുറ്റി: ഓണപ്പൂക്കളത്തിൽ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാൽ ഇന്ന് മുക്കുറ്റി എന്നത് നാട്ടിൻപുറങ്ങളിൽ മാത്രം അപൂർവമായി കണ്ടു വരുന്നതാണ്. പൂക്കളത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. എന്നാൽ ഇന്ന് ഈ സ്ഥാനമെല്ലാം മാർക്കറ്റ് പൂക്കൾ കൈയടക്കി.തുളസി: തുളസിയാണ് മറ്റൊരു പുഷ്പം. ഇത് പൂജയ്ക്കും പൂക്കളം ഉണ്ടാക്കാനും ഒരു പോലെ പ്രധാനപ്പെട്ട ഒന്നാണ് എന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ കാര്യത്തിൽ തുളസിയില്ലാതെ ഒരിക്കലും പൂക്കളം പൂർണ്ണമാവുകയില്ല.തെച്ചി: തെച്ചിപ്പൂവും നമ്മുടെ നാട്ടിൻ പുറത്തെ സ്ഥിരം സാന്നിധ്യമാണ്. ഓണപ്പൂക്കളത്തിൽ ശ്രദ്ധേയ സാന്നിധ്യമറിയിക്കാൻ ഏറ്റവും മികച്ച ഒന്നാണ് തെച്ചി. നമ്മുടെ നാട്ടിൽ വളരെ എളുപ്പത്തിൽ കിട്ടുന്ന ഒന്നായതു കൊണ്ട് ആവശ്യക്കാർ കൂടുതലായിരിക്കും തെച്ചിക്ക്.ചെന്പരത്തി: ചെന്പത്തിയാണ് മറ്റൊരു പുഷ്പം. ഓണപ്പൂക്കളം പൂർണമാകണമെങ്കിൽ ചെന്പരത്തിയുടെ സാന്നിധ്യം അനിവാര്യമാണ്. ശംഖുപുഷ്പം: ശംഖുപുഷ്പമാണ് ഓണപ്പൂക്കളത്തിൽ സാന്നിധ്യമറിയിക്കേണ്ട മറ്റൊരു പുഷ്പം. ഓണത്തെ കളർഫുൾ ആക്കുന്ന കാര്യത്തിൽ ശംഖുപുഷ്പത്തിന്റെ പങ്ക് ചില്ലറയല്ല. ജമന്തി: ജമന്തിയും ഓണപ്പൂക്കളത്തിൽ ഒട്ടും പുറകിൽ നിൽക്കേണ്ട ഒന്നല്ല. പല നിറത്തിലുള്ള ജമന്തി പുഷ്പങ്ങൾ ഉണ്ട്. ഓറഞ്ച്. വെള്ള, ചുവപ്പ് എന്നിവയെല്ലാം നമ്മുടെ നാട്ടിൽ ലഭിക്കുന്ന ജമന്തി പുഷ്പങ്ങളാണ്. മന്ദാരം: വെള്ള നിറത്തിലുള്ള മന്ദാരം പൂക്കളത്തിലുണ്ടെങ്കിൽ അതിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്. മറ്റ് പൂക്കളെ അപേക്ഷിച്ച് അൽപം വലുതായിരിക്കും മന്ദാരം. വെള്ളനിറം തന്നെയാണ് ഇതിന്റെ പ്രത്യേകതയും.കൊങ്ങിണിപ്പൂവ്: കൊങ്ങിണിപ്പൂവാണ് മറ്റൊന്ന്. കൊങ്ങിണിപ്പൂവിന് ഒടിച്ചുറ്റി എന്നും പേരുണ്ട്. മഞ്ഞ, നീല ചുവപ്പ് എന്നീ നിറങ്ങളിൽ കൊങ്ങിണിപ്പൂവുണ്ട്. ഇത് പൂക്കളത്തിലെ പ്രധാന ആകർഷണമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
ഹനുമാൻ കിരീടം: ഹനുമാൻ കിരീടം അഥവാ കൃഷ്ണ കിരീടം എന്ന പുഷ്പവും ഓണപ്പൂക്കളത്തിലെ അവിഭാജ്യ ഘടകമാണ്. ഓറഞ്ചം ചുവപ്പും ചേർന്ന നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്നത്. നാട്ടിൻപുറത്തെ സാധാരണ കാഴ്ചയാണ് ഓണത്തോടടുക്കുന്പോൾ കൃഷ്ണ കിരീടം പൂത്തു നിൽക്കുന്നത്.