കോട്ടയം: തിരുവോണത്തിന് ഇനി എട്ടുനാള് മാത്രം. ഓണാഘോഷത്തില് പ്രധാനം പൂക്കളമൊരുക്കലാണ്. പതിവുപോലെ ഇത്തവണയും മലയാളിക്ക് പൂക്കളമൊരുക്കാന് അന്യസംസ്ഥാനത്തുനിന്നാണ് പൂക്കളെത്തുന്നത്.
തമിഴ്നാട്ടിലെ തോവാള, ശീലയംപെട്ടി, കമ്പം കര്ണാടകയിലെ ഗുണ്ടല്പേട്ട്, ബന്ദിപൂര് തുടങ്ങിയ സ്ഥലങ്ങളില് നിന്നുമാണ് ബന്ദിയും ചെണ്ടുമല്ലിയും ജമന്തിയും വാടാമുല്ലയും എത്തുന്നത്.
ഇത്തവണ പൂക്കളുടെ വില വര്ധിച്ചിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ നിറത്തിലുളള ബന്ദിക്ക് കിലോ 150 രൂപ മുതല് 200 രൂപ വരെയാണ് വില. വാടാമുല്ല കിലോയ്ക്ക് 200 രൂപയും അരളിക്ക് 400 മുതല് 500 രൂപയുമാണ് വില.
മുല്ലപൂവിനും മീറ്ററിനാണ് വില. ഒരു മീറ്ററിനു 80 രൂപ നല്കണം. അന്യ സംസ്ഥാനപൂക്കള്ക്കൊപ്പം ഇത്തവണ വിപണയില് നാടന് പൂക്കളുമെത്തിയിട്ടുണ്ട്.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില് വാകത്തനം, പുതുപ്പള്ളി, കല്ലറ, നീണ്ടൂര്, ചങ്ങനാശേരി, വൈക്കം പ്രദേശങ്ങളില് നിരവധി പൂന്തോട്ടങ്ങളുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില് നിരവധി കര്ഷകരും ഇത്തവണ തമിഴ്നാട്ടില്നിന്നു ബന്ദി തൈകള് വാങ്ങി കൃഷി ചെയ്തിരുന്നു.
അടുത്ത ദിവസങ്ങളില് സ്കൂളുകളിലും കോളജിലും സ്ഥാപനങ്ങളിലും ഓണാഘോഷമുണ്ട്. ഇതോടെ വിപണി കൂടുതല് സജീവമാകുമെന്നാണ് കച്ചവടക്കാര് പറയുന്നത്.