നെടുമ്പാശേരി: രണ്ട് വർഷത്തിലേറെയായി ശാന്തമായിരുന്ന അത്താണി വീണ്ടും അക്രമികളുടെ കേന്ദ്രമാകുന്നു. കൊല്ലപ്പെട്ട ഗില്ലാപ്പി ബിനോയിയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പാണ് അത്താണി കേന്ദ്രീകരിച്ച് “അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘം രൂപീകരിച്ചത്. പലഭാഗങ്ങളിലായി പലവിധത്തിലുള്ള അക്രമങ്ങൾ സംഘം നടത്തി.
കൊലപാതകശ്രമം മുതൽ കവർച്ചയിൽ വരെ സംഘാംഗങ്ങൾക്കു പങ്കുണ്ടായി. നാട്ടിൽനിന്നും സംഘത്തിന്റെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സംഘത്തിന് ഉണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ ഇവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചില ഘട്ടത്തിൽ അടിച്ചൊതുക്കുന്ന സാഹചര്യം വരെയും ഉണ്ടായി.
കൊല്ലപ്പെട്ട ബിനോയിയെയും പിന്നീട് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാളെയും അതിനിടെ മൂന്ന് വർഷം മുമ്പ് പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതോടെയാണ് അത്താണി ശാന്തമായത്. ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ബിനോയി കാര്യമായ അക്രമങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടയിൽ ഉറ്റ അനുയായിയുമായി തെറ്റുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസവും ബിനോയിയുമായി സംഘം ഏറ്റമുട്ടിയിരുന്നു.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതിക്രൂരമായാണ് സംഘം ബിനോയിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായിട്ടും മൂന്നംഗ സംഘം പക തീരും വരെ വെട്ടുകയാണ് ചെയ്തത്. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.
അത്താണിയിലെ കൊലപാതകംപ്രതികൾക്കായി അന്വേഷണം ഊർജിതം
നെടുമ്പാശേരി: അത്താണിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതം.ആലുവ വെസ്റ്റ് (ആലങ്ങാട്) സിഐ പി.വി. വിനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി കാമറയിൽ പതിഞ്ഞ കൊലപാതകത്തിന്റെ ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ വർക്കിയുടെ മകൻ ബിനോയി (39)യെയാണ് മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.അത്താണി കാംകോയ്ക്ക് സമീപം താമസിക്കുന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി 8.30ഓടെ ദേശീയപാതയിൽ അത്താണി ഓട്ടോ സ്റ്റാൻഡിന് മുന്നിലാണ് സംഭവം.
ബിനോയിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന “അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇതേസംഘവുമായി ബിനോയി ഏറ്റുമുട്ടിയതായി പറയുന്നു. ഇതിന്റെ തുടർച്ചയായിട്ടാവാം ഇന്നലെ കൊലപാതകം നടന്നത്.
ഗുണ്ടാസംഘത്തിന്റെ ആക്രോശത്തെ തുടർന്ന് സംഭവ സ്ഥലത്തിന് സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുടള്ള നാട്ടുകാരെല്ലാം ഭയന്ന് ഓടിമാറുകയായിരുന്നു. ഗുണ്ടാസംഘത്തിലെ ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.