നെടുമ്പാശേരി: അത്താണിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതം. ആലുവ വെസ്റ്റ് (ആലങ്ങാട്) സിഐ പി.വി. വിനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി കാമറയിൽ പതിഞ്ഞ കൊലപാതകത്തിന്റെ ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ വർക്കിയുടെ മകൻ ബിനോയി (39)യെയാണ് മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അത്താണി കാംകോയ്ക്ക് സമീപം താമസിക്കുന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി 8.30ഓടെ ദേശീയപാതയിൽ അത്താണി ഓട്ടോ സ്റ്റാൻഡിന് മുന്നിലാണ് സംഭവം. ബിനോയിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന “അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇതേസംഘവുമായി ബിനോയി ഏറ്റുമുട്ടിയതായി പറയുന്നു. ഇതിന്റെ തുടർച്ചയായിട്ടാവാം ഇന്നലെ കൊലപാതകം നടന്നത്.ഗുണ്ടാസംഘത്തിന്റെ ആക്രോശത്തെ തുടർന്ന് സംഭവ സ്ഥലത്തിന് സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുടള്ള നാട്ടുകാരെല്ലാം ഭയന്ന് ഓടിമാറുകയായിരുന്നു.
ഗുണ്ടാസംഘത്തിലെ ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.