ചെറായി: ചെറായി ബീച്ച് റോഡിലെ റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡ് അങ്കമാലി അത്താണി ബിനോയ് വധവുമായി ബന്ധപ്പെട്ടെന്ന് സൂചന. കുടിപ്പകയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുപ്രസിദ്ധ ഗുണ്ട ബിനോയിയെ മറ്റൊരു ഗുണ്ടാസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്.
ഇതിന്റെ അന്വേഷണത്തിനിടയിൽ ബിനോയിയുടെ വീട്ടുകാർ പോലീസിനു നൽകിയ ഒരു ഡയറിയാണ് റെയ്ഡിന്റെ അടിസ്ഥാനം. ചെറായിയിൽ മർച്ചന്റ്സിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് വേറൊരാളെക്കൊണ്ട് വാടകയ്ക്ക് എടുപ്പിച്ച് ബിനോയിയുടെ ബിനാമിയാണ് നടത്തുന്നത്. അതു പോലെ തന്നെ വേറൊരു ബിനാമി ചെറായിയിൽ തന്നെയുള്ള മറ്റൊരു ലോഡ്ജും വാടകക്കെടുത്ത് നടത്തുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇതുകൂടാതെ ഒരു ടെക്സ്റ്റൈൽ ഷോപ്പ്, ബ്യൂട്ടി പാർലർ, മത്സ്യബന്ധന ബോട്ട് എന്നിവയിലും ബിനോയിയുടെ പണം ഉണ്ടെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. മറ്റ് ചിലർക്ക് 10 ലക്ഷത്തിനു മേൽ തുക പലിശക്ക് കൊടുത്തിട്ടുള്ളതായും കൊല്ലപ്പെട്ട ബിനോയിക്ക് ചെറായി, പള്ളിപ്പുറം മേഖലകളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കളുമായും ഗുണ്ടാ സംഘങ്ങളുമായും നല്ലബന്ധമുണ്ടെന്നും ഇവർ ആരൊക്കെയെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനു ബലം നൽകുന്ന ചില ചിത്രങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തൽ. ഇവരെക്കുറിച്ചെല്ലാം റൂറൽ എസ്പി കാർത്തിക്, ഡിവൈഎസ്പി ജി. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞതായാണ് അറിവ്. ചിലരെ റൂറൽ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുമുണ്ട്.
ബിനോയി ഡയറിയിൽ കുറിച്ചിരുന്നത് പ്രകാരം ലക്ഷക്കണക്കിനു രൂപ ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള സുഹൃത്തുക്കൾക്ക് ഇയാൾ പലിശക്കും ബിനാമി ഇടപാടുകൾക്കുമായി നൽകിയിട്ടുണ്ടെന്നാണ് അറിവ്. ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ ഇവരെയെല്ലാം വിളിച്ച് കാര്യങ്ങൾ തിരക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തെന്നാണ് സൂചന. എന്നാൽ പലരും ഇതി നിഷേധിച്ചതോടെയാണ് ഡയറി ബന്ധുക്കൾ പോലീസിനു കൈമാറിയത്.