ആലപ്പുഴ: മലയാളികൾ അടക്കമുള്ള മൂന്നു ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അത്താഴവിരുന്നിനു ക്ഷണിച്ചത് സിപിഎം-ബിജെപി അന്തർധാരയാണ് തുറന്നുകാട്ടുന്നതെന്ന് കേരള കോൺഗ്രസ്-ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽ എ.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തിനിൽക്കവേ ഗവർണർമാരെ ഡിന്നറിനു ക്ഷണിച്ച സംഭവം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള വിവിധ കേസുകളുടെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് അത്താഴവിരുന്നു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പാർട്ടി ആലപ്പുഴ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി സംസ്ഥാന ഭാരവാഹികളായ ബാബു വലിയവീടൻ, കോശി തുണ്ടുപറമ്പിൽ, ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപ്പുരയ്ക്കൽ, ഷാജി സക്കറിയ, എം. മോഹനൻ നായർ, ജോൺ പാപ്പി, രാജൻ തെക്കേവിള, ഏബ്രഹാം കുഞ്ഞാപ്പച്ചൻ, ജോൺസൻ എണ്ണയ്ക്കാട്, ജില്ലാ ഭാരവാഹികളായ അനീഷ് ആറാട്ടുകുളം, സാബു വള്ളപ്പുരയ്ക്കൽ, കെ.എൻ. സാംസൺ, പി.ബി. സപ്രു, ബെന്നി വാത്യറ, പി.എസ്. ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ജില്ലയിൽനിന്നും മൂവായിരം പാർട്ടി പ്രവർത്തകർ പങ്കെടുക്കും.