നവാസ് മേത്തര്‍
തലശേരി: ചെറുപ്പക്കാരുടെ കൂട്ടായ്മയായ അത്താഴക്കൂട്ടവും 150-ാം വാര്‍ഷികം ആഘോഷിക്കുന്ന നഗരസഭയും കൈകോര്‍ത്തതോടെ പൈതൃക നഗരിയില്‍നിന്നും പട്ടിണി പടിയിറങ്ങും. ഭക്ഷണത്തിനു പേരുകേട്ട തലശേരിയില്‍ എത്തുന്ന ആരും ഇനി വിശന്നു വലയരുതെന്ന ഉറച്ച തീരുമാനത്തിലാണ് നഗരസഭയും അത്താഴക്കൂട്ടവും. പട്ടിണിരഹിത തലശേരി ലക്ഷ്യമിട്ട് രണ്ടുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച അത്താഴക്കൂട്ടം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിന് പുതുവര്‍ഷത്തില്‍ത്തന്നെ ആരംഭം കുറിച്ചു. പാര്‍ക്ക് വ്യൂ ഹോട്ടലിന്റേയും ഫേസ്ബുക്ക് കൂട്ടായ്മയായ തലശേരി കൂട്ടത്തിന്റേയും സഹകരണത്തോടെയാണ് ഗുഡ്ഷെഡ് റോഡിലെ പാര്‍ക്ക് വ്യൂ ഹോട്ടലിനു മുന്നില്‍ ഫുഡ് ഫ്രീസര്‍ സ്ഥാപിച്ചത്. ഭക്ഷണം ആവശ്യമായ അശരണര്‍ക്ക് ഇവിടെയെത്തി ഭക്ഷണം സ്വീകരിക്കാം.
ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം ലഭിക്കുന്ന രീതിയിലാണ് ഫുഡ് ഫ്രീസറിന്റെ പ്രവര്‍ത്തനം ഒരുക്കിയിരിക്കുന്നത്. ഫുഡ് ഫ്രീസറിന്റെ ഉദ്ഘാടനം എ.എന്‍. ഷംസീര്‍ എംഎല്‍എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് സി.കെ. രമേശന് അധ്യക്ഷത വഹിച്ചു. ഷംറീസ് ബക്കര്‍ പദ്ധതി വിശദീകരിച്ചു. ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, നഗരസഭ വൈസ് ചെയര്മാന് നജ്മ ഹാഷിം, ഇ.ജി ശാന്ത, കെ.എ ലത്തീഫ്, എം.പി സുമേശ്, സി.സി വര്‍ഗീസ്, സുഹാന, ജെസി രഗേഷ,് നവാസ് മേത്തര്‍, കാസിം, പ്രശോഭ് നമ്പ്യാര്‍, സലീം ഹസന് എന്നിവര്‍ പ്രസംഗിച്ചു.
തലശേരി നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള വിശപ്പ് രഹിത പട്ടണം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ തലശേരി കേരളത്തിലെ പട്ടിണിയില്ലാത്ത നഗരമായി മാറും. ഹോട്ടലുടമകളുടെ സഹകരണത്തോടെയാണ് നഗരസഭയുടെ വിശപ്പു രഹിത പദ്ധതി നടപ്പാക്കുന്നത്. ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ നഗരസഭയില്‍നിന്നും വിതരണം ചെയ്യുന്ന കൂപ്പണ്‍ ഉപയോഗിച്ച് നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.
തലശേരിയിലും പരിസരപ്രദേശങ്ങളിലും ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന പ്രതിജ്ഞയുമായി ഒരുകൂട്ടം യുവാക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നിരാലംബരായ ആയിരക്കണക്കിന് മനുഷ്യരുടെ വയറും മനസുമാണ് നിറയുന്നത്. തലശേരി ജേസീസിന്റെ പ്രവര്‍ത്തകരായ ഷംറീസ് ബക്കര്‍ ചെയര്‍മാനും രാജേഷ് കലാകാര്‍ വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തനമാരംഭിച്ച അത്താഴക്കൂട്ടം ഇന്നു നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
വിവാഹം, ചരമവാര്‍ഷികം, ഗൃഹപ്രവേശം, പിറന്നാളാഘോഷം തുടങ്ങി എവിടെ ആഘോഷങ്ങളുണ്ടെങ്കിലും അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തകര്‍ നേരത്തെതന്നെ അവിടെയെത്തും. ആഘോഷത്തിന്റെ ഭാഗമായി പട്ടിണിപ്പാവങ്ങള്‍ക്ക് ഒരുനേരത്തെ അന്നം കൊടുക്കാന്‍ താത്പര്യമുണ്ടോയെന്നു ആരായും. സമ്മതമാണെങ്കില്‍ ഭക്ഷണം ശേഖരിച്ചു പാക്കറ്റുകളിലാക്കി പട്ടിണിപ്പാവങ്ങളെ കണ്ടെത്തി വിതരണം ചെയ്യുകയാണ് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ ചെയ്തുവരുന്നത്. വ്യാപാര-വ്യവസായ മേഖലകളിലും സര്‍ക്കാര്‍ സര്‍വീസിലും മറ്റും ജോലി ചെയ്യുന്ന യുവാക്കളുടെ കൂട്ടായ്മയാണ് അത്താഴക്കൂട്ടത്തെ നയിക്കുന്നത്.