പത്തനംതിട്ട: കുറ്റകൃത്യത്തിനിരയായി മരണപ്പെടുകയോ ഗുരുതര പരുക്കേൽക്കുകയോ ചെയ്യുന്നവരുടെ ആശ്രിതരുടെ പുനരധിവാസത്തിനായി അതിജീവനം പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു. ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ലാ പ്രൊബേഷൻ അഡ്വൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്.
കുറ്റകൃത്യത്തിന് ഇരയായി മരണപ്പെടുകയോ ഗുരുതര പരുക്കേൽക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് സാമൂഹ്യമാനസിക സാന്പത്തിക പിൻതുണ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊലപാതകം, ആസിഡ് ആക്രമണം, ശാരീരികമായി ഗുരുതരമായി പരിക്കേൽപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതരെ ജില്ലാ പ്രൊബേഷൻ ഓഫീസ് കണ്ടെത്തുകയും അനുയോജ്യരായവർക്ക് ക്ഷീര വികസന വകുപ്പ് മുഖേന സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ ഡയറി യൂണിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ ജില്ലാ ഭരണകൂടത്തിന്റെ പിൻതുണയോടെ സ്പോണ്സർഷിപ്പിലൂടെ അനുയോജ്യമായ മറ്റ് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു സഹായിക്കും.ആരോഗ്യ വകുപ്പിന്റെ പിൻതുണയോടെ സാമൂഹ്യമാനസിക സേവനങ്ങൾ ലഭ്യമാക്കും.നിയമ സഹായം ആവശ്യമായവർക്ക് ലീഗൽ സർവ്വിസ് അഥോറിറ്റി മുഖേനെ നിയമ സഹായം ലഭ്യമാക്കും.
അതിജീവനം പദ്ധതിയിൽ പങ്കാളിയായി കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബത്തെ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക് ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. കുറ്റകൃത്യത്തിന് ഇരയായി മരിക്കുന്നവരുടെ ആശ്രിതർക്കോ,ഗുരുതര പരുക്ക് പറ്റിയിട്ടുള്ളവർക്കോ പുനരധിവാസത്തിനായുള്ള സ്വയം തൊഴിൽ സഹായത്തിനായി 20 നു മുന്പായി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0468 2325242 എന്ന നന്പറിൽ ബന്ധപ്പെടാം.