കൊച്ചി: സര്ക്കാരില്നിന്നും പിന്തുണ കിട്ടിയില്ലെന്ന് ആരോപിച്ച് നടന്മാര്ക്കെതിരേ ഉന്നയിച്ച പരാതികളില്നിന്ന് പിന്മാറുന്നുവെന്ന് പരാതിക്കാരിയായ നടി.
നടന്മാരായ എം. മുകേഷ് എംഎല്എ, മണിയന്പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്ക്കെതിരേ നല്കിയ പരാതി പിന്വലിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ വെളിപ്പെടുത്തല്. കേസില് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്മാറ്റം.
നടന്മാര്ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ നോബിള്, ബിച്ചു എന്നിവരും കോണ്ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന് എന്നിവര്ക്കുമെതിരെയായിരുന്നു കേസ്.കേസുകള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന് ഇ- മെയില് അയക്കുമെന്നും നടി പറഞ്ഞു.
തനിക്ക് സര്ക്കാരില് നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന് സര്ക്കാര് തയാറായില്ലെന്നും ഇവര് ആരോപിക്കുന്നു. മാധ്യമങ്ങളില് നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള് പിന്വലിക്കാന് തീരുമാനിച്ചതെന്നും നടി പറഞ്ഞു.
അതേസമയം പരാതിക്കാരി കേസ് പിന്വലിക്കുന്നുവെന്നതു സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ഒന്നും തന്നിട്ടില്ലെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള എഐജി ജി. പൂങ്കുഴലി പറഞ്ഞു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കോടതിയായിരിക്കും തുടര്ന്നുള്ള കാര്യങ്ങളില് തീരുമാനമെടുക്കുകയെന്നും എഐജി പൂങ്കുഴലി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്. 2009 ലാണ് മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില് മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു നടിയുടെ മൊഴി. അമ്മ സംഘടനയില് അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബാലചന്ദ്ര മേനോന് ലൈംഗികാതിക്രമം നടത്തിയെന്നും ഇവര് പരാതിപ്പെട്ടിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ഹോട്ടലില് വച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള് പറയാതിരുന്നതെന്ന് നടി പറഞ്ഞിരുന്നു.
സെക്രട്ടേറിയേറ്റില് സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്നായെന്നാണ് ജയസൂര്യയ്ക്കെതിരായ കേസ്. നടിയുടെ പരാതിയില് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസാണ് കേസ് രജിസ്റ്റര് ചെയ്തിരുന്നത്. വര്ഷങ്ങള്ക്കുമുന്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്വെച്ച് നടന് കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങള്ക്കുമുന്നില് വെളിപ്പെടുത്തിയിരുന്നു.