കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിനുനേരേ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മുളവുകാട് പോലീസ് അറസ്റ്റു ചെയ്തു. ഉടുന്പൻചോല സ്വദേശി ഡിജോയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാത്രി 11ന് ഗോശ്രീ പാലത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ നിന്നു ഔദ്യോഗിക വസതിയിലേക്കു മടങ്ങുകയായിരുന്ന ചീഫ് ജസ്റ്റീസ് എസ്.മണികുമാറിന്റെ ഔദ്യോഗിക വാഹനത്തിനു മുന്നിലേക്ക് ഇയാൾ ചാടിവീഴുകയായിരുന്നു.
ഇത് തമിഴ്നാടല്ലെന്നു പറഞ്ഞു കാർ തടഞ്ഞു നിർത്തിയ ഇയാൾ ചീഫ് ജസ്റ്റീസിനെ അസഭ്യം പറഞ്ഞു. അക്രമി മദ്യലഹരിയിലായിരുന്നു. ചീഫ് ജസ്റ്റീസിന്റെ ഗണ്മാനാണ് ഇതുസംബന്ധിച്ചു മുളവുകാട് പോലീസിൽ പരാതി നൽകിയത്.
പോലീസ് ഉടൻതന്നെ പ്രതിയെ കണ്ടെത്തി.പുതുവൈപ്പിൽ ഭാര്യാവീട്ടിലാണ് ഡിജോ താമസിക്കുന്നത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇയാൾക്ക് മറ്റെന്തെങ്കിലും കേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അനേഷിക്കുന്നുണ്ട്. കണ്ടെയ്നർ ലോറി ഡ്രൈവറാണ് ഇയാൾ. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റീസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു.