തുറവൂർ: ഒന്നേകാൽ വയസുകാരിയെ അമ്മ കൊന്നതു കുട്ടിയോടുള്ള ദേഷ്യവും കരഞ്ഞതിലുള്ള പെട്ടന്നുള്ള പ്രകോപനവും കാരണമെന്നു പോലീസ്. കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചാണു കൊലനടത്തിയത്. ഉറക്കാൻ കിടത്തിയപ്പോൾ കുട്ടി കരഞ്ഞെന്നും ദേഷ്യം വന്നപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ചെന്നുമാണ് ആതിര പോലീസിനു നൽകിയ മൊഴി.
കൊല്ലുക തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പോലീസ് പറയുന്നത്. ആതിര നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളികോളനിയിൽ ഷാരോണിന്റെ മകൾ ആദിഷ അമ്മയുടെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ അമ്മ ആതിരയ്ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്.
ആവശ്യമുണ്ടെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പട്ടണക്കാട് എസ്.ഐ. അമൃതരംഗൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് പോലീസ് സീൽ ചെയ്തിരുന്ന വീട്ടിലെ കിടപ്പുമുറി ജില്ലാ സയന്റിഫിക് ഓഫീസർ വി.ആർ. മീര, വിരലടയാള വിദഗ്ധൻ ജി. അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തുറന്നു തെളിവുകൾ ശേഖരിച്ചു.
പെട്ടെന്നുള്ള പ്രകോപനത്തിൽ സംഭവിച്ചുപോയെന്ന് അമ്മ
തുറവൂർ: ഒന്നേകാൽ വയസുകാരി ആദിഷയുടെ കൊലപാതകത്തിൽ അമ്മ ആതിര(27)യെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാർഡിൽ കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ആദിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കുറ്റസമ്മതം നടത്തിയ ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി ഒന്പതരയോടെ രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രി ഏഴോടെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ധർ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്.
തുടർച്ചയായി ഇവരെ ചോദ്യം ചെയ്തിട്ടും കുട്ടി കരഞ്ഞപ്പോൾ പെട്ടെന്നുള്ള പ്രകോപനത്തിൽ വാ പൊത്തിപ്പിടിച്ചപ്പോൾ മരണം സംഭവിച്ചു എന്നാണ് ഇവർ പറയുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനോട് പലപ്പോഴും ഇവർ നിഷേധാത്മക നിലപാട് സ്വീകരിച്ചത് കേസ് അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ പോലീസിന് ഏറെ ബുദ്ധിമുട്ടായി. സ്ത്രീക്കു നേരത്തെ തന്നെ ആക്രമണത്വരയുള്ളതായാണു പറയുന്നത്.
വിവാഹത്തിനു ശേഷം നിരന്തരം ഷാരോണിന്റെ മാതാപിതാക്കളുമായി വഴക്ക് പതിവായിരുന്നു. കുഞ്ഞിനു രണ്ടുമാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അമ്മ മർദിച്ചെന്നു കാട്ടി മുത്തശി പട്ടണക്കാട് പോലീസിൽ പരാതി നല്കിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നല്കും.