മാന്നാര്‍: മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വര്‍ഷം തടവ്. ഭീഷണിപ്പെടുത്തിയും പ്രേരിപ്പിച്ചും ആതിരയെ പ്രതി ആത്മഹത്യയിലേക്കു തള്ളിവിട്ടതായി കോടതി നിരീക്ഷിച്ചു.
മാന്നാര്‍ കുട്ടംപേരൂര്‍ കരിയില്‍ കളത്തില്‍ ആതിര ഭവനം വീട്ടില്‍ രവി-വസന്ത ദമ്പതികളുടെ ഏക മകള്‍ ആതിര ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ കരിയില്‍ കളത്തില്‍ സുരേഷ് കുമാറി(42-കരിയില്‍ സുരേഷ്)നെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് 12 വര്‍ഷം തടവും 1,20,000 രൂപ പിഴയും ചെങ്ങന്നൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജി വീണ ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയും ബന്ധുവുമായ സുരേഷുമായി ആതിര അടുപ്പത്തിലാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഭാര്യയും കുട്ടികളും ഉള്ള സുരേഷുമായുള്ള ബന്ധം വിലക്കുകയും തുടര്‍ന്ന് ആതിരയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടത്തുകയും ചെയ്തു.
ആതിര മറ്റാരെയെങ്കിലും വിവാഹം ചെയ്തു പോകുന്നതിനുള്ള വിരോധത്തില്‍ മാതാപിതാക്കള്‍ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രത്തില്‍പോയ സമയം പ്രതി സുരേഷ് ആതിരയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി സാരിയില്‍ കുരുക്കിട്ടു ചാടാനും മറ്റും ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്യിപ്പിച്ചു എന്നാണ് കേസ്.
മാതാപിതാക്കള്‍ ശകാരിച്ചതിലുള്ള മനോവിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ആതിരയുടെ പിതാവ് രവി മാന്നാര്‍ പോലീസില്‍ മൊഴി നല്‍കിയത് പ്രകാരം അസ്വഭാവിക മരണത്തിനാണ് ആദ്യം പൊലിസ് കേസെടുത്തിരുന്നത്.
തുടര്‍ന്ന് 2018 ഫെബ്രുവരി 14ന് ആതിരയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്ന വേളയില്‍ സുരേഷിന്റെ പ്രേരണയിലാണ് ആതിര ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ എസ്ഐ കെ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും സുരേഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
അന്വേഷണത്തില്‍ 33 തവണ സുരേഷ് ആതിരയോട് ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിക്കുകയുണ്ടായി. സുരേഷിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ആതിര മരണപ്പെട്ട ദിവസം ആതിരയും സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ സുരേഷിന്റെ ഫോണില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണിലെ സംഭാഷണങ്ങള്‍ കേട്ട് സുരേഷി ന്റെ പ്രേരണയിലും ഭീഷണിയിലുമാണ് ആതിര ആത്മഹത്യ ചെയ്തതെന്ന് മനസിലാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തു.
പിന്നീട് ഒളിവില്‍ പോയ പ്രതിയെ പരുമല തിക്കപ്പുഴയില്നിന്നു പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മാന്നാര്‍ എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒമാരായ ഫിര്‍ദൗസ്, അന്‍സാര്‍, നിസാം എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോണില്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ റിക്കാര്‍ഡുകള്‍ ഉണ്ടായിരുന്നത് കേസില്‍ ബലമായെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ റെഞ്ചി ചെറിയാന് പറഞ്ഞു.