മഞ്ചേരി: ഏറെ കോളിളക്കം സൃഷ്ടിച്ച അരീക്കോട് ആതിര വധക്കേസ് വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ പുരോഗമിക്കെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് ഇന്നലെ കൂറുമാറി. കേസിലെ പ്രതി അരീക്കോട് കീഴുപറന്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലുവിന്റെ മകൻ രാജന്റെ (43) ഭാര്യ സുനിതയാണ് കൂറുമാറിയത്.
പ്രോസിക്യൂഷന്റെ ചീഫ് വിസ്താരത്തിന് മറുപടി പറയവെ സംഭവ ദിവസം പ്രതിയും തന്റെ ഭർത്താവുമായ രാജൻ സ്ഥലത്തില്ലായിരുന്നുവെന്നും തങ്ങളുടെ മകൾ മരിച്ചതെങ്ങിനെയെന്ന് തനിക്കറിയില്ലെന്നും സുനിത മൊഴി നൽകി.
ഇതോടെ കേസിൽ വിസ്തരിച്ച 16 സാക്ഷികളിൽ 12 പേർ കൂറുമാറി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാമുകൻ ബ്രിജേഷ്, പ്രതിയെ അറസ്റ്റു ചെയ്യുന്നത് കണ്ട മഹസർ സാക്ഷി റഫീഖ്, രാജീവ്, സുബൈർ എന്നീ സാക്ഷികളും മാത്രമാണ് ഇതുവരെ മൊഴിയിൽ ഉറച്ചു നിന്നത്.
സംഭവത്തിലെ ഏക ദൃക്സാക്ഷി സുലോചന, അയൽവാസി സൽമാബി, ആതിരയുടെ ചെറിയച്ഛൻ ബാലൻ എന്നിവർ കൂറുമാറിയവരിൽപ്പെടും. 2018 മാർച്ച് 22ന് വൈകീട്ട് 4.45നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്.
ആതിരയും മറ്റു സമുദായത്തിൽപ്പെട്ട യുവാവും തമ്മിൽ പ്രണയിക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് പിതാവായ രാജൻ എതിർത്തെങ്കിലും പിൻമാറാൻ മകൾ തയാറാകാത്തതിനെ തുടർന്ന് ആതിരയെ പ്രതി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.