കാലടി: യുവതിയെ വനത്തിലെത്തിച്ച് കൊലപെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ അന്വേഷണം നടത്തും. ഇയാൾക്ക് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായും ഇവരിൽ പലരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ തുമ്പൂർമുഴി വനത്തിലെത്തിച്ച് കൊല നടത്തിയ രീതി പുനരാവിഷ്ക്കരിച്ച് കൂടുതൽ തെളിവു ശേഖരിക്കാനും പോലീസ് ലക്ഷ്യമിടുന്നു.
മൃതദേഹത്തിൽനിന്നും മാല മോഷ്ടിച്ച് പണയം വച്ചത് സംബന്ധിച്ചും അന്വേഷണം നടത്തും. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ വരുന്ന മാലയാണ് പ്രതി അഖൽ മോഷ്ടിച്ചതായി പോലീസ്അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
മോഷ്ടിച്ച മാല അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് അഖിൽ.
അഖിയേട്ടൻ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ചും വിശദമായി അന്വേഷിക്കും.
അങ്കമാലിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന കാലടി ചെങ്ങൽ സ്വദേശി ആതിര(26) യെയാണ് സുഹൃത്ത് ഇടുക്കി ആനക്കട്ടി സ്വദേശിയും അങ്കമാലി വടവഴിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന പാപ്പിനിശേരി അഖിൽ (32) കൊലപെടുത്തിയത്. കഴിഞ്ഞ 29 മുതൽ ആതിരയെ കാണാതായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനിടയിൽ യുവതി ഒരു കാറിൽ കയറി പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഖിലിനോടൊപ്പമാണ് യുവതി പോയതെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയെ അതിരപ്പിള്ളിയിലെ ചൊക്ലായ് വനേ മേഖലയിൽ എത്തിച്ച യുവതിയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പാറയിടുക്കിൽ കരിയിലയിട്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്.