വെള്ളമുണ്ട: 2016 ലെ റവന്യുജില്ലാ സ്കൂൾ കായികമേളയിൽ ചാന്പ്യൻപട്ടം നേടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആതിരയുടെ സ്വപ്നം കായികരംഗത്ത് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപികയാവണമെന്നതാണ്. എന്നാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആതിരയെ ആ മാർഗ്ഗത്തിൽ കൈകൂട്ടിക്കൊണ്ടുപോവാനാരുമില്ലാത്തത് കാരണം അവളെത്തിയത് ബിഎ ധനശാസ്ത്രം പഠിക്കാനായിരുന്നു.
രണ്ട് വർഷം കാര്യമായി പരിശീലനം ലഭിക്കാതെ ഡിഗ്രി അവസാനത്തിലെത്തിയപ്പോൾ മാത്രം ലഭിച്ച കോളജിലെ പരിശീലകന്റെ സഹായത്തോടെ ദേശീയ മത്സരരംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ പാലയാണ ചരിവുള്ളപുത്തൻവീട്ടിൽ അനിൽകുമാർ ബിന്ദു ദന്പതികളുടെ രണ്ട് പെണ്മക്കളിൽ ഇളയവളാണ് ആതിര അനിൽ. 2016 വരെ ജില്ലാ സ്കൂൾ കായികമേളയിൽ ദീർഘദൂര ഓട്ടമത്സരങ്ങളിൽ നിറസാന്നിധ്യമായിരുന്നു വെള്ളമുണ്ട മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ഈ നാട്ടിൻപുറത്തുകാരി.
5000, 3000, 1500 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാമതെത്തിയാണ് 2016 ൽ ചാന്പ്യൻപട്ടം നേടി സ്കൂൾ കായികമേളയിൽ നിന്നും വിടവാങ്ങിയത്. കായികാധ്യാപികയാവാനായിരുന്നു ആഗ്രഹമെങ്കിലും അതിലേക്കുള്ള മാർഗ്ഗം കാണിച്ചു നൽകാൻ കുടുംബത്തിൽ ആരുമുണ്ടായിരുന്നില്ല. ഒടുവിൽ സംസ്ഥാനതലത്തിൽ സ്പോർട്സ് വിഭാഗത്തിൽ ബെസ്റ്റ് ഓഫ് എയ്റ്റ് വിഭാഗത്തിലെത്തിയിട്ടും ബിഎ എക്കണോമിക്സിനായി തൃശൂർ വിമലകോളജിൽ ചേരുകയായിരുന്നു.
കോളജിൽ കായിക പരിശീലനകനില്ലാത്തതിനാൽ ആദ്യരണ്ട് വർഷങ്ങളിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. അവസാനവർഷത്തിൽ കായികപരിശീലകനെ ലഭിച്ചതോടെ പങ്കെടുത്ത് മത്സരങ്ങളിലെല്ലാം മികച്ച പ്രദർശനം കാഴ്ചവെക്കാൻ അനിതക്ക് സാധിച്ചു. 31ാമത് സൗത്ത് സോണ് നാഷണൽ അത്ലറ്റ് മീറ്റിൽ 500 മീറ്ററിൽ രണ്ടാംസ്ഥാനം നേടി. ആഗ്രയിൽ നടന്ന 10 കിലോമീറ്റർ ക്രോസ്കണ്ട്രി മത്സരത്തിൽ പങ്കെടുത്തു.
പാലക്കാട് നടന്ന സീനിയർ സ്റ്റേറ്റ് മത്സരത്തിൽ അഞ്ചാംസ്ഥാനത്തെത്തി. സംസ്ഥാന ടീമിൽ ഇടം നേടുകയും നാഷണൽ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ മികച്ച പരിശീലനത്തിന്റെ അഭാവമാണ് കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിന് അനിതക്ക് തടസമാകുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളാണ് ഇത് വരെയുള്ള പഠനച്ചെലവുകൾ വഹിച്ചത്. ആകെയുള്ള നാല് സെന്റ് ഭൂമിയിൽ സർക്കാർ നിർമിച്ചു നൽകിയ വീട്ടിലാണ് ഇവരുടെ താമസം.
പ്രതിമാസം പതിനായിരം രൂപ വീതം ലഭിച്ചാൽ സ്വാകാര്യപരിശീലനത്തോടെ ഫിസിക്കൽ എഡ്യുക്കേഷൻ ബിരുദം പൂർത്തിയാക്കി ജോലിനേടാനാവുമെന്ന പ്രതീക്ഷയിലാണ് ഈ കായികതാരം. ഇതിനായി സർക്കാരോ സന്നദ്ധസംഘടനകളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.