അതിരമ്പുഴ: മഞ്ഞപ്പിത്തം മൂർഛിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി കരൾ മാറ്റിവയ്ക്കാൻ ഒരുങ്ങുന്ന രാജേഷിനെ നെഞ്ചോടുചേർത്ത് അതിരമ്പുഴ. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജംഗ്ഷനു സമീപം ചേനപ്പാടിയിൽ രാജേഷ് സി. കുമാറി (46)ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ചെലവാകുന്ന തുക കണ്ടെത്താൻ 24ന് അതിരമ്പുഴ പഞ്ചായത്തിലെ 22 വാർഡുകളിലും ഭവനസന്ദർശനം നടത്തും.
മഞ്ഞപ്പിത്തം വഷളായതോടെ കരളിനെ ഗുരുതരമായി ബാധിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ കരൾ മാറ്റിവയ്ക്കുകയേ മാർഗമുള്ളു എന്നു കണ്ടെത്തി. രക്തബന്ധത്തിലുള്ള ദാതാക്കൾ ഉണ്ടെങ്കിലേ മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കാൻ സാധിക്കൂ. ആരുടെയും രക്തഗ്രൂപ്പുമായി ചേരാതെ വന്നതോടെയാണ് അമൃത ആശുപത്രിയെ സമീപിച്ചത്.
കരൾ ദാതാവിനെ ലഭിച്ചതോടെ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. 21ന് ശസ്ത്രക്രിയ നടത്താൻ തീരുമാനവുമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് രാജേഷും കുടുംബവും. വീടിനോടു ചേർന്നു നടത്തുന്ന ഒരു ചെറിയ കടയാണ് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം.
അതിരമ്പുഴ പഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന ജീവൻ രക്ഷാസമിതിയുടെ ഫണ്ടിൽ ഉണ്ടായിരുന്ന 10 ലക്ഷം രൂപ പ്രാഥമിക ചെലവുകൾക്കായി ലഭിച്ചു. ഇനിയും 30 ലക്ഷം രൂപ കൂടി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. രാജേഷിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിനു വേണ്ടി അതിരമ്പുഴ പഞ്ചായത്തും നാട്ടുകാരും സംയുക്തമായി രംഗത്തിറങ്ങുകയാണ്. അതിനായി വിപുലമായ ജനകീയ സമിതി രൂപീകരിച്ചു.
24ന് അതിരമ്പുഴ പഞ്ചായത്തിലെ 22 വാർഡുകളിലും ഒരേ സമയം ഭവന സന്ദർശനം നടത്തി 30 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, അതിരമ്പുഴ ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ (മുഖ്യ രക്ഷാധികാരികൾ), പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. മൈക്കിൾ, മാന്നാനം സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി (രക്ഷാധികാരികൾ), അനിൽ നെൽസ് സഖറിയാസ് ആനാത്തിൽ (ജനറൽ കൺവീനർ), വാർഡ് മെംബർ ബിജു വലിയമല ( ചെയർമാൻ), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ആൻസ് വർഗീസ്, അന്നമ്മമാണി, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എൻ. സാബു, ജോസ് ഇടവഴിക്കൽ, ജോറോയി പൊന്നാറ്റിൽ, സി. ശശി, കെ.ടി. രമേശ്, മുഹമ്മദ് ജലീൽ (വൈസ് ചെയർമാൻമാർ), പഞ്ചായത്ത് അംഗങ്ങൾ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകുന്നത്.
ഫണ്ട് സമാഹരണത്തിനായി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെയും ജനറൽ കൺവീനർ അനിൽ നെൽസ് സഖറിയാസിന്റെയും പേരിൽ അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.