അതിരമ്പുഴ: നഗരത്തിൽ അപകടാവസ്ഥയിലുള്ള മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേണമെന്നു പഞ്ചായത്ത് മെന്പർമാർ. യാതൊരു ബലവുമില്ലാതെ ഭിത്തി മാത്രമായി നിൽക്കുന്ന കെട്ടിടം മഴ പെയ്തതോടെ കൂടുതൽ ദുർബലാവസ്ഥയിലായി. കെട്ടിടത്തിന്റെ മുകളിൽ മൂടിയില്ലാത്ത വാട്ടർ ടാങ്കുണ്ട്.
ടാങ്കിൽ വെള്ളം നിറഞ്ഞാൽ ആ ഭാരം താങ്ങാനാകാതെ കെട്ടിടം തകർന്നു വീഴും. സമീപത്തു തന്നെയാണ് ബസ് സ്റ്റോപ്പ്. ഇവിടെ എത്തുന്ന ആളുകൾ അപകടഭീതിയിലാണ്. തൊട്ടടുത്തു തന്നെ ഓട്ടോസ്റ്റാൻഡ് ഉണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഒരു ബേക്കറി പ്രവർത്തിക്കുന്നുണ്ട്. ഇതു തടയാൻ പോലും പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല.
പഞ്ചായത്ത് പ്രസിഡന്റിന്റെ ഒമ്പതാം വാർഡിലാണ് അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്നിട്ടും അടിയന്തര നടപടിക്ക് പ്രസിഡന്റ് തയാറാകാത്തത് ദുരൂഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്ത വരികയും ജനരോഷം ഉയരുകയും ചെയ്തതോടെ മൂന്നു മാസം വൈകി കഴിഞ്ഞ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർക്കുള്ള കത്ത് തയാറാക്കിയതുപോലും.
കെട്ടിടത്തിന്റെ അപകടാവസ്ഥയും ദുരന്ത സാധ്യതയും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് പഞ്ചായത്ത് കമ്മിറ്റിയിലെ കേരള കോൺഗ്രസ് എം മെംബർമാരായ ജോഷി ഇലഞ്ഞിയിൽ, ജോസ് അഞ്ജലി, സിനി ജോർജ് എന്നിവർ ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24നു നടന്ന പഞ്ചായത്തു കമ്മിറ്റി വിഷയം ചർച്ച ചെയ്തതാണ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ട കമ്മിറ്റി അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ, ജില്ലാ കളക്ടർ, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
എന്നാൽ ഈ തീരുമാനത്തിന്മേൽ യാതൊരു നടപടിക്കും പ്രസിഡന്റ് പഞ്ചായത്ത് അധികൃതരോ തയാറായില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടകുമെന്ന് മെന്പർമാർ മുന്നറിയിപ്പ് നൽകി.