കോട്ടയം: അതിരന്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കഞ്ചാവ് -മയക്കുമരുന്നു മാഫിയ രാഷ്ട്രീയ നേതാക്കളുടെ തണലിൽ തഴച്ചുവളരുന്നു.
മയക്കുമരുന്നു മാഫിയയ്ക്കു വെള്ളവും വളവും നൽകി തഴച്ചുവളരാൻ അവസരമൊരുക്കുന്നതു ഭരണകക്ഷിക്കാരായ രാഷ്ട്രീയനേതാക്കളാണെന്നു നാട്ടുകാർ പറയുന്നു.
മയക്കുമരുന്നു വില്പക്കാരായ യുവാക്കൾക്കെതിരേ പരാതികളൊന്നും ഉയരാതെ സംരക്ഷണം ഒരുക്കുന്നതും നേതാക്കൾ തന്നെയാണ്.
നാല്പത്തിമല, അതിരന്പുഴ ചന്തക്കുളം പരിസരം, ഏറ്റൂമാനൂർ ഐടിഐയ്ക്കു സമീപമുള്ള വിജനപ്രദേശങ്ങൾ, ആനമല വായനശാല, തോട്ടനാനി പ്രദേശം, പാറമാക്കൽ, വേദഗിരി, റെയിൽവേ ഏറ്റെടുത്തിട്ടിരിക്കുന്ന സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങൾ കഞ്ചാവു കച്ചവടക്കാരുടെ സങ്കേതങ്ങളാണ്.
പോലീസ് ചടങ്ങിനുവേണ്ടി വന്നു നോക്കി പോകാറുണ്ടെന്നു നാട്ടുകാർ പറയുന്നു.
കഞ്ചാവ് മൊത്തവിതരണക്കാരെ പോലീസിനും രാഷ്ട്രീയ നേതാക്കൾക്കുമറിയാം. കഞ്ചാവ് കേസിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറക്കാൻ ക്യൂനിൽക്കുന്നതും ഉന്നത നേതാക്കളും ശിഷ്യൻമാരുമാണ്.
ഇതുമൂലമാണു പോലീസും യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന ആക്ഷേപമുണ്ട്.
നേരം ഇരുട്ടിക്കഴിഞ്ഞാൽ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ നാട്ടുകാർക്കും ഭയമാണ്.
സ്ത്രീകളും കുട്ടികളും ഭയന്നാണ് ഇതിലൂടെ പകൽസമയത്തു പോലും സഞ്ചരിക്കുന്നത്.
രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലും റോഡ് പരിസരങ്ങളിലുമായി ലഹരി ഉപയോഗത്തിനായി എത്തുന്നത്.
ഏറ്റുമാനൂർ ഐടിഐ സ്കൂൾ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോലീസിന് എത്തിച്ചേരാൻ സാധിക്കാത്തത് മുതലെടുത്താണ് കഞ്ചാവ് മാഫിയാ ഇവിടെ താവളം ആക്കുന്നത്.
രാത്രിയുടെ മറവിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ വാഹനങ്ങൾ തടഞ്ഞുനിർത്തിയും അസഭ്യമായ വാക്കുകൾ പറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് മാഫിയാസംഘങ്ങൾ രാഷ്ട്രീയ പിൻബലത്തോടെ കഞ്ചാവ് മയക്കു മരുന്ന് വില്പന നടത്തുന്നത്.
പരാതി പറയുന്ന നാട്ടുകാരെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ഒതുക്കുന്നതും ഇവരുടെ രീതിയാണ്.
അതിരന്പുഴ പ്രദേശത്തുള്ള പല വീടുകളിൽ കയറിയും മാഫിയസംഘങ്ങൾ ഭീഷണിപ്പെടുത്തൽ ആരംഭിച്ചിട്ടുണ്ട്.
മക്കൾക്കു മയക്കുമരുന്നു കൊടുക്കുന്നവരെ അറിയാമെങ്കിലും പുറത്തു പറയാൻ സാധിക്കാത്ത അവസ്ഥയിൽ ഭയന്നാണു പല മാതാപിതാക്കളും കഴിയുന്നത്.
ഇതിനൊരു പരിഹാരം കണ്ടെത്താൻ എക്സൈസിനും പോലീസിനും സാധിച്ചില്ലെങ്കിൽ അപകടകരമായ അവസ്ഥയുണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാർ.