അതിരമ്പുഴ: കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ പോലീസ് അധികാര ദുർവിനിയോഗം നടത്തുന്നതായി പരാതി.
കോട്ടയം അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂർ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
ഇന്നു രാവിലെ പള്ളിയിൽ സന്ദർശനം നടത്തിയ ഏറ്റുമാനൂർ സിഐ പള്ളിയുടെ വാതിൽ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയിൽ വൈദികൻ തനിച്ചു കുർബാന അർപ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.
എന്നാൽ, പള്ളിയിൽ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥൻ വൈദികൻ സ്റ്റേഷനിൽ ഹാജരാകണമെന്നു നിർദേശിച്ചു.
എന്നാൽ, യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനോടു സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞതു തികഞ്ഞ അധികാര ദുർവിനയോഗമാണെന്നു സംഭവത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പറഞ്ഞു.
പള്ളി അധികൃതർ ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് ഏറ്റുമാനൂർ പോലീസ് നടപടിയിൽനിന്നു പിന്തിരിഞ്ഞത്.
തികച്ചും നിയമാനുസൃതമായി കുർബാനയർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു രേഖാമൂലം പരാതി നൽകാൻ അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതർ തീരുമാനിച്ചു.
സംഭവത്തിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സിപിഎം നേതാവ് വി.എൻ.വാസവൻ, കോൺഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം പ്രിൻസ് ലൂക്കോസ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല തുടങ്ങിയവർ പ്രതിഷേധിച്ചു. പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.