ഏറ്റുമാനൂർ: അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും ചികിത്സ നിഷേധിച്ചതായി പരാതി. കൈക്ക് മുറിവേറ്റ വേദഗിരി ഇടമലക്കുന്നേൽ അനീഷിന്റെ ഭാര്യ ആനി(28)ക്കാണു ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം. കപ്പ അരിയുന്നതിനിടയിലാണ് ആനിക്കു കത്തികൊണ്ട് ഇടതു കൈയ്ക്കു മുറിവുണ്ടായത്.
മുറിവ് ആഴത്തിലുള്ളതിനാൽ ആൻ അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തി. ആശുപത്രിയിൽ മുറിവിൽ തുന്നലിടാൻ സൗകര്യമില്ലെന്നും ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു പോകാനും ഡ്യൂട്ടി നഴ്സ് പറഞ്ഞു.
ഒരു പ്ലാസ്റ്റർ ഉപയോഗിച്ച് മുറിവിൽ ഒട്ടിക്കുക മാത്രമാണ് ചെയ്തത്. ഇവർ ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും വൈദ്യുതി മുടങ്ങിയതിനാൽ ഇവിടെയും തുന്നലിടാൻ സാധിക്കില്ലെന്നും മുറിവിനു തുന്നലിടാൻ അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സൗകര്യമുണ്ടെന്നും പറഞ്ഞ് ആനിനെ തിരിച്ചയച്ചു.
പീന്നിട് ഇവർ വീട്ടിലേക്ക് പോയി. പുലർച്ചെയോടെ കൈക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടതോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് ആൻ ആരോഗ്യ വകുപ്പ് മന്ത്രിക്കു പാരാതി നൽകി.