ഏറ്റുമാനൂർ: രോഗികളോട് ഇത്രമേൽ ക്രൂരത ആവരുത്. അതിരന്പുഴ ഗവണ്മെന്റ് ആശുപത്രിയിലേക്ക് കടക്കണമെങ്കിൽ സർക്കസ് വശമുണ്ടാകണം.
വലിഞ്ഞുകയറിയും ചാടിയിറങ്ങിയും വേണം ഏതു രോഗിക്കും ഇവിടേക്ക് കടക്കാൻ.
ആശുപത്രിയിലേക്ക് രോഗികൾക്ക് പ്രവേശിക്കാനാകാത്തവിധം പ്രവേശന കവാടം അടഞ്ഞിട്ട് മാസങ്ങളായി.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന പാറോലിക്കൽ – അതിരന്പുഴ റോഡിലാണ് ആശുപത്രിയുടെ പ്രവേശന കവാടം.
ഇവിടെ റോഡ് ഉയർത്തുകയും ഉയർത്തിയ റോഡ് ലെവലിനേക്കാൾ ഒരടിയോളം ഉയർത്തി ഓട നിർമിക്കുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്കുള്ള വഴിയടഞ്ഞത്.
ആശുപത്രിയിലേക്കുള്ള വഴിയേക്കാൾ മൂന്നടിയോളം ഉയർന്നാണ് ഇപ്പോൾ റോഡ് നിൽക്കുന്നത്.
ആശുപത്രിയിലെത്തുന്ന രോഗികൾ ഇപ്പോൾ ആദ്യം റോഡിൽ നിന്ന് ഓടയ്ക്ക് മുകളിലേക്ക് കയറണം. പിന്നീട് ആശുപത്രിയിലേക്കുള്ള വഴിയിലേക്ക് ചാടിയിറങ്ങണം.
നടക്കാൻ വയ്യാത്ത രോഗികളെ വാഹനങ്ങളിൽ എത്തിക്കാൻ സാധിക്കാത്തതാണ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
റോഡിൽ പ്രവേശന കവാടത്തിനു മുന്നിൽ രോഗിയെ ഇറക്കി ഓടയ്ക്കു മുകളിലൂടെ ചുമന്നിറക്കി വേണം ആശുപത്രിയിലെത്തിക്കാൻ.
റോഡ് നിർമാണം അനിശ്ചിതമായി നീണ്ടപ്പോൾ ആശുപത്രിക്ക് അസൗകര്യമുണ്ടാകാതെ നോക്കുന്നതിൽ കെഎസ്്ടിപി അധികൃതർക്കും കരാറുകാർക്കും വീഴ്ച സംഭവിച്ചു.
പാവപ്പെട്ട രോഗികളെ ഇനിയും ബുദ്ധിമുട്ടിക്കാതെ എത്രയുംവേഗം ആശുപത്രിക്ക് മുന്നിലെ നിർമാണം പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു