അതിരന്പുഴ: അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർചപ്പെട്ടി കുത്തിത്തുറന്ന് 6000രൂപ കവർന്നയാൾ പിടിയിൽ. കൈപ്പുഴ സ്വദേശി കുര്യനെയാണ് ഇന്നലെ വൈകുന്നേരം അതിരന്പുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.
ക്രിസ്മസ് ദിനമായ ഇന്നലെ ഉച്ചയ്ക്ക് 12നാണ് ഇയാൾ പള്ളിക്കുള്ളിൽ കയറി മോഷണം നടത്തിയത്. ക്രിസ്മസുമായി ബന്ധപ്പെട്ടു പള്ളിക്കുള്ളിൽ പ്രത്യേകം തയാറാക്കിയ ഉണ്ണി യേശുവിന്റെ രൂപത്തിന് മുന്പിൽ വച്ചിരുന്ന നേർച്ചപ്പെട്ടിയിൽ നിന്നുമാണ് ഇയാൾ മോഷണം നടത്തിയത്.
ഇയാൾ മോഷണം നടത്തുന്നത് പള്ളിക്കുള്ളിൽ വച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ സമാനമായ രീതിയിൽ മുന്പും പള്ളികളിൽ നിന്നും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.