ഗാന്ധിനഗർ: മീൻമുള്ളു തൊണ്ടയിൽ കുരുങ്ങി ചികിത്സയിൽ കഴിയവേ യുവതി മരിച്ചു, വിവരമറിഞ്ഞു സഹോദരൻ ആത്മഹത്യ ചെയ്തു. അതിരന്പുഴ മണ്ണാർകുന്ന് വഞ്ചിപ്പറന്പിൽ ത്രേസ്യാമ്മ ഷിജു (സിന്ധു 45)വാണ് മരിച്ചത്.
വിവരമറിഞ്ഞു മണിക്കൂറുകൾ പിന്നിടും മുന്പേ സഹോദരൻ സുനിൽ തോമസാണ് (42) ജീവനൊടുക്കിയത്. രണ്ടാഴ്ച മുന്പാണ് സിന്ധുവിന്റെ തൊണ്ടയിൽ മീൻമുള്ള് കുരുങ്ങിയത്.
ആദ്യം അതിരന്പുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മുള്ള് എടുക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
വിദഗ്ധ പരിശോധനയിൽ ശ്വാസകോശത്തിൽ മീൻമുള്ള് തങ്ങിയിരിക്കുന്നതായും അണുബാധയുള്ളതായും കണ്ടെത്തി.
സർജറി തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന സിന്ധുവിന്റെ നില ഗുരുതരമാകുകയും ഇന്നലെ ഉച്ചയ്ക്കു മരിക്കുകയുമായിരുന്നു.
മരണവിവരം അറിഞ്ഞു വീട്ടിലെത്തിയ സഹോദരൻ സുനിൽ തോമസ് തൂങ്ങി മരിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഷിജുവാണ് സിന്ധുവിന്റെ ഭർത്താവ്. ഏകമകൾ. അലീന (അതിരന്പുഴ സെന്റ് മൈക്കിൾ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി).
സംസ്കാരം ഇന്നു രാവിലെ 10.30 ന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ. സുനിൽ തോമസ് അവിവാഹിതനാണ്. പിതാവ്: തോമസ്, മാതാവ്: അന്നമ്മ.