ഇരിങ്ങാലക്കുട: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് തപസ്യ കലാസാഹിത്യവേദി ചാലക്കുടി ഉപജില്ല സമിതി യോഗം ആവശ്യപ്പെട്ടു. ജലവൈദ്യുതി പദ്ധതികൾ നിർമിക്കുന്നതുവഴി ആയിരകണക്കിന് വനവാസികൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നും, 140 ഹെക്ടർ വനഭൂമി വെള്ളത്തിലാകുമെന്നും, ഒരു ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും ഇതെല്ലാം ജൈവവൈവിധ്യത്തോടെയുള്ള ആവാസവ്യവസ്ഥയെ അപ്പാടെ തകർക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി. സുരേഷ്, ജില്ല സംഘടന സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ,രഞ്ചിത്ത് എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: ചാലക്കുടി പുഴയെ ഇല്ലാതാക്കുന്ന നിർദിഷ്ട അതിരപ്പിള്ളി പദ്ധതി മറ്റൊരു ലാവ്ലിൻ സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
അതിരപ്പിള്ളി പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനവും സമരജ്വാല തെളിയിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി ഷോൺ പെല്ലിശേരി ഉദ്ഘാടനം ചെയ്തു. ആൽബിൻ പൗലോസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ ജസ്റ്റിൻ ഡൊമിനിക്, ഷാജു ലെൻസ്മെൻ, കെ.കെ.അനിൽ ലാൽ, ടെഡി സിമേതി, സെക്രട്ടറിമാരായ ലിജോ കോർമല, സിന്റോ മാത്യു, ജിൻസ് ചിറയത്ത്, ജൂവിൻ കല്ലേലി, രഹിൻ കല്ലാട്ടിൽ, ബേസിൽ ഏലിയാസ്, മാർട്ടിൻ ഞാറെക്കാടൻ, വിജിത്ത് മേലൂർ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: അതിരപ്പിള്ളി പദ്ധതിയിൽ സംസ്ഥാന സർക്കാർ പൂർണമായി പിൻമാറണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതിനും വേണ്ടി നഗരസഭ പ്രത്യേക കൗൺസിൽ യോഗം മാർച്ച് 16ന് വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പൻ തുടങ്ങി പ്രതിപക്ഷത്തെ 16 കൗൺസിലർമാർ ചെയർപേഴ്സന് കത്ത് നൽകി.
പദ്ധതിയെ അനുകൂലിക്കുന്ന സിപിഎമ്മും പദ്ധതിയെ എതിർക്കുന്ന സിപിഎം അടങ്ങുന്ന ഇടതു മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. കൗൺസിലിൽ ഈ വിഷയം ചർച്ച ചെയ്താൽ ഭരണകക്ഷിയിലെ ഭിന്നത പുറത്തുവരും. പദ്ധതിയെ എതിർക്കുന്ന സിപിഐ അംഗമായ ചെയർപേഴ്സൺ ഉഷ പരമേശ്വരൻ സിപിഐയും വിഷയം കൗൺസിലിന്റെ പരിഗണനയിൽ വരുന്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.