കൊച്ചി: അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തർക്കം കോണ്‍ഗ്രസിൽ മുറുകുന്നു. പദ്ധതി നടപ്പിലാക്കുക അസാധ്യമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തിൽ ആണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കേരളത്തിൽ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം അപ്രായോഗികമാണ്. അതിനാൽ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുളള ചർച്ചകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കേരളത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പൊതു ചർച്ച വേണമെന്നും അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാടുകൾക്കു വിരുദ്ധമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും രംഗത്തെത്തി. അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്നു ചെന്നിത്തലയും, പദ്ധതി വേണ്ടന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് ഹസനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റണിയും നിലപാട് വ്യക്തമാക്കിയത്.