മലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകും; അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നത് സിപിഐയ്ക്ക് വിവരക്കേടു മൂലമെന്ന് പരിഹസിച്ച് മന്ത്രി എം.എം മണി

ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വൈദ്യുതിമന്ത്രി എം.എം.മണി. പദ്ധതിയെ സിപിഐ എതിർക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്‍റെയും കെഎസ്ഇബിയുടെയും നിലപാടെന്നു പറഞ്ഞ മന്ത്രി സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും അറിയിച്ചു.

പദ്ധതിയെ ഇപ്പോൾ എതിർക്കുന്നവർ ഭരണത്തിലിരുന്നപ്പോൾ ഈ എതിർപ്പുകളൊന്നും കണ്ടില്ലല്ലോയെന്ന് ചോദിച്ച മണി നിലവിലെ എതിർപ്പിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമർശനങ്ങ‍ളാണ് നടത്തിയത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് അത് പാർട്ടി നിലപാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ല- മണി പറഞ്ഞു.

മുന്നണിക്കുള്ളിലുള്ളവർ തന്നെ സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കെതിരെ എതിർപ്പുയർത്തരുത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തന്‍റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന്, വിമർശിക്കുന്നവർ ഓർക്കണമെന്നും മലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകുമെന്ന് ഓർത്താൽ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts