ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ജയൻ ജോസഫ് പട്ടത്തിന്റെ കെഎസ്ഇബി ഓഫീസിനുമുന്നിൽ തൂക്കുകയർ സത്യഗ്രഹം. അതിരപ്പിള്ളി പദ്ധതി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കണമെന്ന പ്ലേകാർഡുമായി കഴുത്തിൽ തൂക്കുകയർ കുരുക്കി കെഎസ്ഇബിയുടെ ഗേറ്റിൽ ബന്ധിച്ചാണ് ജയൻ ജോസഫ് പട്ടത്ത് ഒറ്റയാൾ സമരം നടത്തുന്നത്. ഭീമമായ വൈദ്യുതി ബില്ല് പിൻവലിക്കാൻ കൂടിയാണ് ഈ സമരമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നുരാവിലെയാണ് കെഎസ്ഇബി ഓഫീസിനുമുന്നിൽ സത്യഗ്രഹം ആരംഭിച്ചത്. നേരത്തെ അതിരപ്പിള്ളി പദ്ധതിക്കെതിരെ ജയൻ ജോസഫ് പട്ടത്ത് നടത്തിയ സമരങ്ങൾ വേറിട്ട രീതിയിലായിരുന്നു.
അതിരപ്പിള്ളിയിൽ പുഴയിൽ കഴുത്തിനൊപ്പം വെള്ളത്തിൽ മുങ്ങിനിന്നുകൊണ്ടും ചാലക്കുടി പുഴപാലത്തിനു സമീപം പുഴയിൽ ഇറങ്ങിനിന്ന് രാപ്പകൽ സമരവും അതിരപ്പിള്ളിയിൽനിന്നും വെള്ളം ശേഖരിച്ച് സെക്രട്ടേറിയറ്റിന്റെ നടയിലൊഴിച്ചും സമരം നടത്തിയിരുന്നു.
ഇതുകൂടാതെ എയ്ഡ്സ് രോഗികളെ സംസ്കരിക്കാൻ സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ച് കളക്ടറേറ്റിൽ മഞ്ചയിൽ കിടന്നും മറ്റും നിരവധി ഒറ്റയാൻ സമരങ്ങളിലൂടെ ജയൻ ജോസഫ് അധികാരികളുടെ ശ്രദ്ധ നേടിയിരുന്നു. കാടിനും പുഴയ്ക്കുംവേണ്ടി ജീവൻ അർപ്പിക്കാൻ നടത്തുന്നതാണ് ഈ സമരമെന്ന് ജയൻജോസഫ് പട്ടത്ത് പറഞ്ഞു.