അതിരപ്പിള്ളി: വിനോദ സഞ്ചാര മേഖലയിൽ കുടിച്ച് കൂത്താടുന്ന മദ്യപരെ പിടികൂടാൻ ബ്രത്ത് അനലൈസർ എത്തിച്ചു. അമിതമായി മദ്യപിച്ച് മറ്റു സഞ്ചാരികൾക്കു ശല്യമുണ്ടാക്കുന്നവരെ പിടികൂടാനാണ് ആൽക്കഹോളിന്റെ അളവ് അളക്കാനുള്ള ബ്രത്ത് അനലൈസർ വനം വകുപ്പ് വാങ്ങിയത്. ആകെ മൂന്ന് അനലൈസറിൽ ഒരെണ്ണം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലും ഓരോന്നു വീതം വനം വകുപ്പിന്റെ വാഴച്ചാൽ, മലക്കപ്പാറ ചെക്ക് പോസ്റ്റുകളിലും സൂക്ഷിച്ചിട്ടുണ്ട്.
അമിതമായി മദ്യപിച്ച് അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആനമല റോഡിലും മദ്യപർ ബഹളങ്ങളുണ്ടാക്കുന്നു എന്നു നിരവധി പരാതികൾ വനപാലകർക്കും പോലീസിനും ലഭിക്കുന്നുണ്ട്. ഇതേതുടർന്നാണ് മദ്യപരെ പിടിക്കാൻ ബ്രത്ത് അനലൈസർ എത്തിച്ചതെന്നു വാഴച്ചാൽ ഡിഎഫ്ഒ എൻ.രാജേഷ് പറഞ്ഞു.
വനത്തിൽ അതിക്രമിച്ചുകയറുന്നവരേയും കാട്ടുമൃഗങ്ങളെ പ്രകോപിപ്പിച്ച് ശല്യമുണ്ടാക്കുന്ന മദ്യപൻമാരെയും ഇതുമൂലം നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.