സ്വന്തംലേഖകൻ
തൃശൂർ: ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു പറയുമെന്നു വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി. പദ്ധതി ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കും. എൽഡിഎഫിൽ അഭിപ്രായ വ്യത്യാസമുണ്ട്. സർക്കാർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. സിപിഎമ്മിന് ഇതുസംബന്ധിച്ചു വ്യക്തമായ നയമുണ്ട്. നടപ്പാക്കണമെന്നാണു പാർട്ടിയുടെ അഭിപ്രായം.
എന്നാൽ സമവായമുണ്ടാക്കാതെ പദ്ധതി നടപ്പാക്കാനാകില്ല. അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ടു കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കര ഹാളിൽ നടത്തിയ വൈദ്യുതി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇടുക്കിയിൽ പദ്ധതി നടപ്പാക്കിയപ്പോഴും വനം നഷ്ടമായിട്ടുണ്ട്. നിരവധി കൃഷിക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലാണ് അവിടെയും നടന്നതെന്ന് ആരും മറക്കരുത്. മാട്ടുപെട്ടി, മൂന്നാർ, ചെങ്കുളം, കല്ലാർകുട്ടി തുടങ്ങി എല്ലാ സ്ഥലത്തും പദ്ധതിയുടെ പേരിൽ കർഷകരെയും ആളുകളെയും മറ്റും ഒഴിപ്പിച്ചിട്ടുണ്ട്. ഈ നഷ്ടമെല്ലാം അന്നും സമൂഹത്തിനുവേണ്ടിയാണു സഹിക്കേണ്ടി വന്നത്. അത്രയൊന്നും ഇവിടെ നഷ്ടമാകില്ല. അതിരപ്പിള്ളി പദ്ധതിക്കു കേന്ദ്ര ഏജൻസി പരിശോധന നടത്തി എല്ലാ അനുമതിയും നൽകിയിട്ടുണ്ട്. വനവും മൃഗങ്ങളുമൊക്കെ നശിക്കുമെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല.
ഇവിടെ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണു ഇപ്പോഴുള്ളത്. 70 ശതമാനം വൈദ്യുതിയും കോടികൾ ചെലവാക്കിയാണു വാങ്ങുന്നത്. സോളാർ പദ്ധതിക്കു വൻ തുകയാണു മുടക്കേണ്ടി വരിക. വേണ്ടത്ര സ്ഥമില്ലാത്തതിനാൽ നടപ്പാക്കാനും സാധിക്കില്ല. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനവും കേരളത്തിൽ നടപ്പാക്കാനാകില്ല.
അതിനാലാണു കേരളത്തിന്റെ ഭാവിക്ക് ഏറെ പ്രയോജനകരമായ അതിരപ്പിള്ളി ജദലവൈദ്യുതി പദ്ധതി നടപ്പാക്കാൻ ആഗ്രഹിക്കുന്നത്. സാധ്യത ഉപയോഗപ്പെടുത്തേണ്ട ചുമതല സമൂഹത്തിനുണ്ട്. 163 മെഗാവാട്ട് പദ്ധതിക്കുള്ള സാധ്യതയാണുള്ളത്. വെള്ളച്ചാട്ടം നിലനിർത്തി തന്നെയാണ്ു പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. അരമണിക്കൂർ വൈദ്യുതി പോയാൽ പരിസ്ഥിതിവാദികൾ പോലും ക്ഷമിക്കില്ല.
ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇല്ലാത്ത വയ്യാവേലി ഉണ്ടാക്കി പദ്ധതി തടയരുതെന്നു മന്ത്രി പറഞ്ഞു. എന്തു തൊട്ടാലും പ്രശ്നം ഇവിടെ മാത്രമാണ്. നമ്മൾ വലിയ പുള്ളികളാണെന്നാണു വയ്പ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ഇബിഡബ്ല്യൂഎ പ്രസിഡന്റ് എളമരം കരീം അധ്യക്ഷത വഹിച്ചു. ഇഇഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് കെ.ഒ. ഹബീബ് വിഷയം അവതരിപ്പിച്ചു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കെഎസ്ഇബിഡബ്ല്യൂഎഫ്, എഐടിയുസി സംസ്ഥാന പ്രസിഡന്റ് എ.എൻ. രാജൻ, എൻ.ടി. ജോബ്, എം.ടി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.