ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള ബൈക്ക് യാത്ര യുവാക്കൾക്കു ഹരമായി മാറുന്നു. ഇതോടൊപ്പം യുവാക്കളുടെ ജീവനുകൾ നഷ്ടപ്പെടുന്നു. അതിരപ്പിള്ളിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബൈക്കുകളിൽ എത്തുന്ന യുവാക്കൾ നിരവധിയാണ്.
ദേശീയപാതയുടെ നിലവാരത്തിലുള്ള അതിരപ്പിള്ളി റോഡിലൂടെ ബൈക്കുകളിൽ യുവാക്കൾ പറക്കുന്നതു നിത്യേനയുള്ള കാഴ്ചയാണ്. യുവാക്കളുടെ മരണപാച്ചിൽ നാട്ടുകാർ ഭീതിയോടെയാണു നോക്കിക്കാണുന്നത്. ടീനേജ് പ്രായക്കാരാണു ബൈക്കിൽ പറക്കുന്നത്.
മിക്കവാറും പത്തും ഇരുപതും പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ബൈക്കുകൾ എത്തുന്നത്. സഹയാത്രികരായി ചിലപ്പോൾ പെണ്കുട്ടികളെയും കാണാം. എപ്പോഴും ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്കുള്ള അതിരപ്പിള്ളി റോഡിൽ സാധാരണ വേഗതയിൽ തന്നെ പോകുന്നത് ജീവൻ കൈയിൽ പിടിച്ചാണ്.
ആധുനിക ബൈക്കുകളിൽ ചീറിപ്പായുന്ന ബൈ ക്ക് യാത്രക്കാർ വാഹനങ്ങളെ മറികടന്ന് പോകുന്നത് നോക്കിനിൽക്കാൻ തന്നെ നാട്ടുകാർക്ക് ഭയമാണ്. അതിരപ്പിള്ളി റോഡിലെ വളവുകളിൽകൂടി അതിവേഗതയിൽ പായുന്പോൾ നിയന്ത്രണം വിട്ടാണ് മരണങ്ങൾ സംഭവിക്കുന്നത്. നിരവധി യുവാക്കളുടെ ജീവനുകൾ അതിരപ്പിള്ളി റോഡിൽ ഹോമിക്കപ്പെട്ടിട്ടുണ്ട്.
അതിരപ്പിള്ളി റോഡിൽ വേഗത നിയന്ത്രിക്കാൻ യാതൊരു സംവിധാനങ്ങളുമില്ല. മദ്യത്തിന്റെയും മറ്റു ലഹരികളുടെ ഉപയോഗവും അപകടത്തിനു കാരണമാകുന്നുണ്ട്. നേരത്തെ അതിരപ്പിള്ളിയിൽ എത്തുന്ന യുവാക്കൾ പുഴയിൽ മുങ്ങിമരിക്കുന്ന സംഭവങ്ങളാണ് അധികം സംഭവിച്ചിരുന്നതെങ്കിൽ ഇന്നു ബൈക്ക് അപകടങ്ങളാണ് മരണകാരണമാകുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ മരിച്ച അലൻ (19) ആണ് ഒടുവിലത്തെ രക്തസാക്ഷി. ഒരു വാട്സ് ആപ് കൂട്ടായ്മയാണ് അതിരപ്പിള്ളിയിലേക്ക് ബൈക്ക് യാത്ര സംഘടിപ്പിച്ചത്. തമ്മിൽ തമ്മിൽ ഒരു പരിചയവും ഇല്ലാത്ത 20 യുവാക്കൾ വാട്സ് ആപ് കൂട്ടായ്മയുടെ പേരിൽ തൃശൂരിൽ ഒന്നിച്ചശേഷം രാവിലെ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചതായിരുന്നു.
ബൈക്കപകടം ഉണ്ടായ ഉടനെ മരിച്ച അലനെ കൂട്ടത്തിൽ ഉള്ളവർക്ക് ഭൂരിഭാഗം പേർക്കും അറിയില്ലായിരുന്നു. അലന്റെ വീടിന്റെ കുറെ അകലെ താമസിക്കുന്ന ഒരു യുവാവിനു മാത്രമെ അറിയുമായിരുന്നുള്ളൂ. വിദ്യാർഥികളാണ് 20 അംഗ സംഘത്തിൽ ഉണ്ടായിരുന്നത്.
മരിച്ച അലൻ ബൈക്ക് വാങ്ങിയിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. ബൈക്ക് വാങ്ങാനുള്ള അലന്റെ ആവശ്യം വീട്ടുകാർ നിരാകരിച്ചതായിരുന്നു. ഏറെ വാശിപിടിച്ചാണ് വീട്ടുകാരെ ബൈക്ക് വാങ്ങി കൊടുക്കാൻ സമ്മതിപ്പിച്ചത്. ഒടുവിൽ ബൈക്ക് അലന്റെ ജീവൻ അപഹരിച്ചു.