സ്വന്തം ലേഖകൻ
അതിരപ്പിള്ളി: കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. തുന്പൂർമുഴി ഉദ്യാനവും തുറന്നിട്ടുണ്ട്.
നിയന്ത്രണങ്ങൾ പാലിച്ചുമാത്രമാണ് പ്രവേശനം. ആദ്യദിവസം വളരെക്കുറച്ചു സഞ്ചാരികൾ മാത്രമാണ് രണ്ടിടങ്ങളിലുമെത്തിയത്.
നിലന്പൂരിൽനിന്നു വന്ന ദന്പതികളാണ് ആദ്യമായി വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്കു പ്രവേശിച്ചത്.
ഏറെക്കാലത്തിനു ശേഷമെത്തിയ ആദ്യ സഞ്ചാരികളെ ജീവനക്കാരുടെയും അധികൃതരുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കോ, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമാണ് പ്രവേശനം.
രാവിലെ ഒന്പതുമുതൽ വൈകീട്ട് നാലുവരെയാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തനം.
ഏറെക്കാലമായി അടച്ചിട്ടിരുന്നതിനാൽ വെള്ളച്ചാട്ടത്തിലേക്കുള്ള കല്ലുപതിച്ച വഴിയിലും പാറക്കെട്ടുകളിലുമെല്ലാം പായൽ പിടിച്ചിട്ടുണ്ട്.
സഞ്ചാരികളിൽ പലരും ആദ്യദിവസം തെന്നിവീണിരുന്നു. ശ്രദ്ധിക്കുക.
വെള്ളച്ചാട്ടത്തിനു താഴെ മാസ്ക് മാറ്റി സെൽഫി എടുക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിരപ്പിള്ളി വരെ മാത്രമാണ് സഞ്ചാരികൾക്കു യാത്രാനുമതി. ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു പ്രവേശനമില്ല.
പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനമുണ്ട്.
ഒരേസമയം 100 സന്ദർശകർക്കാണ് പ്രവേശനം അനുവദിക്കുക.