എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ആതിരപളളി ജലവൈദ്യുതി പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തതിനെതിരെ വാളെടുത്ത സിപിഐ എംപി ബിനോയ് വിശ്വത്തിന് പൂർണ പിന്തുണയുമായി സിപിഐ സംസ്ഥാന നേതൃത്വം.
ഈ വിഷയത്തിൽ എതിർപ്പു ഉയർത്തിയ ബിനോയ് വിശ്വം പാർട്ടി നിലപാട് തന്നെയാണ് പറഞ്ഞതെന്നാണ് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു.
മൂന്നണിയുടെ ആശയങ്ങൾക്ക് എതിരാണെന്ന് കണ്ട് രണ്ടു വർഷം മുന്പ് ഉപേക്ഷിച്ച പദ്ധതിയാണ് ആതിരപളളി ജലവൈദ്യുത പദ്ധതി. നിയമസഭയിലടക്കം അതു പ്രഖ്യാപിക്കുകയും ചെയ്തു.
വീണ്ടും പദ്ധതിയെക്കുറിച്ച് പുനരാലോചന നടത്തണമെങ്കിൽ ആദ്യം മുന്നണിയിലല്ലേ ചർച്ച നടത്തേണ്ടത്. മുന്നണിയിൽ ചർച്ച ചെയ്യാതെ ഘടകകക്ഷികളുടെ അഭിപ്രായം തേടാതെ പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടു പോയാൽ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അഭിപ്രായം പറയുകയും എതിർപ്പ് ഉയർത്തുകയും ചെയ്യും.
ഇക്കാര്യത്തിൽ ബിനോയ് വിശ്വം സ്വീകരിച്ച നിലപാട് സിപിഐയുടെ നിലപാട് തന്നെയാണ്. പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് മെന്പറായ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പാർട്ടിയ്ക്കുള്ളിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കാലത്തിനു ശേഷമാണ് ആതിരപ്പള്ളി പദ്ധതിയെ ചൊല്ലി സിപിഐ- സിപിഎം തർക്കം വീണ്ടും ഉടലെടുത്തിരിക്കുന്നത്. രണ്ടു വർഷം മുന്പ് വലിയ തർക്കങ്ങൾക്കു ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ച വിഷയത്തിലാണ് വീണ്ടും വിവാദം ഉയർന്നിരിക്കുന്നത്.
ആതിരപള്ളി പദ്ധതിയുടെ പരിസ്ഥിതി അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കാൻ കെഎസ്ഇബിയ്ക്ക് അനുവാദം നൽകാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചതോടെയാണ് ബിനോയ് വിശ്വം എതിർപ്പുമായി രംഗത്തു വന്നത്.
മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന കർശന നിലപാടുമായി ബിനോയ് വിശ്വം മുന്നോട്ടു വന്നതിന് പിന്നാലെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയാൽ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നാണ് എഐവൈഎഫിന്റെ മുന്നറിയിപ്പ്. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന സിപിഐയുടെ നിലപാടും.
ഇക്കാര്യത്തിൽ ഇപ്പോൾ വിവാദമുണ്ടായതിലെ അതൃപ്തിയും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെ അറിയിക്കും. വലിയ വിവാദമായി കത്തിപടർന്ന വിഷയം സംസാരിച്ച് അവസാനിപ്പിച്ച സ്ഥതിയ്ക്ക് പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ പൊടിതട്ടി എടുത്തതിൽ സിപിഐ നേതാക്കൾക്കിടയിൽ കടുത്ത അമർഷമാണ് ഉടലെടുത്തിരിക്കുന്നത്.
ഇതിനിടയിൽ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെ നടത്തിയ പരാമർശങ്ങളിലും സിപിഐയ്ക്ക് അമർഷമുണ്ട്. പന്പ ത്രിവേണി മണൽവാരൽ വിഷയത്തിലും വനം വകുപ്പിനെ നോക്കുകുത്തിയാക്കിയെന്ന പരാതി സിപിഐയ്ക്കുണ്ട്.