ചാലക്കുടി: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയീസ് ഗെയ്റ്റ് തുറന്നു. ഇതേതുടർന്നു ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ഡാമിലെ ജലനിരപ്പ് 419 മീറ്റർ കടന്നതോടെ ജലം ക്രസ്റ്റ് ഗെയ്റ്റുകൾവഴി ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. പുഴയിൽ വെള്ളം ഉയർന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം മനോഹരിയായി മാറി.
നേരത്തെ മഴക്കാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്.
പുഴയിൽ മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിൽ വെള്ളം ഉയർന്നതോടെ പുഴയോര പ്രദേശങ്ങളിൽ അടിയന്തര സാഹചര്യം നേരിടാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പുഴയോര പ്രദേശത്തേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല.