
അതിരപ്പിള്ളി: കണ്ണൻകുഴിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണൻകുഴി താളത്ത് പറന്പിൽ പ്രദീപ് (39) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്നുപുലർച്ചെ ഒന്നരയോടെയാണ് പ്രദീപ് കണ്ണൻകുഴി പാലത്തിനു സമീപം വെട്ടേറ്റ് കിടക്കുന്നത് കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അതിരപ്പിള്ളി പോലീസ് സ്ഥലത്തെത്തി പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുകഴിഞ്ഞിരുന്നു.
അതിരപ്പിള്ളി പ്ലാന്റേഷനിലെ താൽക്കാലിക തൊഴിലാളിയും കണ്ണൻകുഴി ജലനിധിയുടെ പന്പ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോർ ഓഫ് ചെയ്യാൻ പോകുന്പോഴാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു.
കൊലപാതകം സംബന്ധിച്ച് പോലീസ് കണ്ണൻകുഴി സ്വദേശി ഗിരീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഗിരീഷും പ്രദീപും തമ്മിൽ കണ്ണൻകുഴിയിൽവച്ച് വഴക്കുണ്ടായതായി പറയുന്നു. ഇവർ തമ്മിലുണ്ടായ വഴക്ക് കൈയാങ്കളിയിലെത്തിയപ്പോൾ നാട്ടുകാർ പിടിച്ചുമാറ്റിയിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ചാലക്കുടി ഡിവൈഎസ്പി വി.ആർ. സന്തോഷ്, സിഐ പി.ആർ. ബിജോയ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.