അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ പുതിയ നിരക്ക് നിലവിൽ വന്നു.കേരളത്തിലുടനീളം വനം വകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിലേക്കുള്ള റവന്യൂ വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിപ്പിച്ചതെന്നും വനപാലകർ പറഞ്ഞു.മുതിർന്നവർക്കുള്ള നിരക്ക് 30 രൂപയിൽ നിന്ന് 40 ആയും കുട്ടികളുടെ നിരക്ക് രണ്ടിൽ നിന്ന് അഞ്ചായും വിദേശികളുടെ നിരക്ക് 100ൽ നിന്ന് 150 ആയും വർധിപ്പിച്ചു.
കാമറ 40ൽ നിന്ന് 50ആയും വീഡിയൊ കാമറ 250ൽ നിന്ന് 300 ആയും വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മുന്പ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടേയും പ്രതിഷേധത്തെത്തുടർന്ന് ടിക്കറ്റ് നിരക്ക് പിൻവലിച്ചിരുന്നു.ഈ ടിക്കറ്റിൽ തന്നെ വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിലും പ്രവേശിക്കാനാകും.
വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം വ്യാപകമായി.പ ്രത്യേകിച്ചു സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണ് പ്രവേശന നിരക്ക് വർധിപ്പിച്ചത്.ശൗചാലയങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണ് നിരക്ക് വർധിപ്പിച്ചത്.
അതിരപ്പിള്ളിയിലെ അന്യായമായ ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണമെന്ന് അതിരപ്പിള്ളി റിസോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് മുരളി അന്പാടി അധ്യക്ഷനായി.അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ ബിജെപി അതിരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.പ്രസിഡന്റ് അനീഷ് അമ്മാഞ്ചേരി അധ്യക്ഷനായി.