തൃശൂർ: വിവാദങ്ങൾക്കൊടുവിൽ നിർദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് തുടക്കമായി. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം. മണി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോർമർ സ്ഥാപിച്ചതായ വാർത്ത പുറത്തുവന്നത്. വൈദ്യുതിലൈനുകൾ വലിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവൃത്തികൾ തുടങ്ങിയതായി കെഎസ്ഇബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ഒൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്പുതന്നെ നിർമാണ പ്രവർത്തനം ആരംഭിച്ചെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
കണ്ണങ്കുഴിയിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി കണക്്ഷൻ നൽകിക്കഴിഞ്ഞതായും റിപ്പോർട്ടുണ്ട്. വനംവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ മുൻകൂർ കെട്ടിവച്ച ശേഷമാണ് കെഎസ്ഇബി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന തീയതിക്കുമുന്പ് നിർമാണം തുടങ്ങിയില്ലെങ്കിൽ അനുമതി റദ്ദാക്കപ്പെടുമെന്നിരിക്കേ അതൊഴിവാക്കാനായിരുന്നു കെഎസ്ഇബിയുടെ നടപടി.
സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന നിലപാടായിരുന്നു വൈദ്യുതിമന്ത്രി മുന്പ് പറഞ്ഞിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇന്നലെ മന്ത്രി നിയമസഭയെ അറിയിച്ചു.
1982ലാണ് വൈദ്യുതിവകുപ്പ് വാഴച്ചാൽ വെള്ളച്ചാട്ടത്തിനു മുകളിൽ ജലവൈദ്യുത പദ്ധതിക്കായി പ്രോജക്ട് തയാറാക്കിയത്. അന്നുമുതൽക്കേ അതിനെതിരായ പ്രതിഷേധവും ശക്തമായിരുന്നു. വനംവകുപ്പും, ചാലക്കുടി പുഴ സംരക്ഷണ സമിതി അടക്കമുള്ള പരിസ്ഥിതി പ്രവർത്തകരും എതിർപ്പുമായി ശക്തമായി മുന്നോട്ടുവന്നതോടെ പദ്ധതി വിവാദത്തിൽ കുരുങ്ങി. പുതിയ നീക്കത്തോടെ പ്രതിഷേധങ്ങൾ ശക്തമാകാനാണ് സാധ്യത.