തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി തള്ളി സിപിഐ മന്ത്രിയായ വനംമന്ത്രി രംഗത്ത്. അതിരപ്പിള്ളി അടഞ്ഞ പദ്ധതിയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ല. അതിരപ്പിള്ളിയിൽ ഇനി സമവായത്തിന് സാധ്യതയില്ല. പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എതിർപ്പ് അറിയിച്ചിരുന്നു. കൂടാതെ സിപിഐയുടെ യുവജനവിഭാഗവും പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
നേരത്തെ എതിർപ്പിനെ തുടർന്ന് പദ്ധതിയുടെ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പദ്ധതിക്ക് എൻഒസി നൽകിയ വിവരം പുറത്ത് വന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവ ചർച്ചയായത്.