അതിരപ്പിള്ളി: വാഴച്ചാൽ റേഞ്ചിലെ ചാർപ്പ വനമേഖലയിൽ കാടിനുള്ളിലുണ്ടായ ഉരുൾപൊട്ടലിലും പറന്പിക്കുളം,ഷോളയാർ പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നതിനാലും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
സമീപകാലത്തൊന്നും ഇല്ലാത്ത മലവെള്ളപ്പാച്ചിലാണ് ചാലക്കുടിപ്പുഴയിൽ. ചാർപ്പ വെള്ളച്ചാട്ടം ആനമല റോഡിനു മുകളിലൂടെ നിറഞ്ഞൊഴുകി. ചാർപ്പ പഴയപാലം തകർന്നു. അപ്രോച്ച് റോഡും കൈവരികളും ഒഴുകിപ്പോയി. മലവെള്ളപ്പാച്ചിലിൽ ഏതാനും വീടുകൾക്കു കേടുപാടുണ്ട്.
അപകട ഭീതിയെ തുടർന്ന് ഇന്നലെ ഉച്ചമുതൽ ആനമല റോഡിൽ ഗതാഗതം നിരോധിച്ചു. അതിരപ്പിള്ളിയിലും മലക്കപ്പാറയിലും വാഹനങ്ങൾ തടഞ്ഞു. അതിരപ്പിളളി, വാഴച്ചാൽ, തുന്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നില്ല.അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം ഇന്ന് അടച്ചിട്ടു.
അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളും ചാലക്കുടിപ്പുഴയും കരകവിഞ്ഞതിനെതുടർന്ന് താഴ്ന്ന ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. വീടുകളിലും റിസോർട്ടുകളിലും വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കാണ് ചാർപ്പ, കണ്ണൻകുഴി തോടുകളിലുടെ മലവെള്ളമെത്തിയത്. കണ്ണൻകുഴി തോട്ടിലൂടെ ഉണ്ടായ മലവെള്ളപാച്ചിലിൽ കാട്ടുപറന്പിൽ ശിവൻ, ബാബു, ഫിലോമിന വടക്കുംതല എന്നിവരുടെ വീടുകൾ തകർന്നു.സമീപത്തെ റോഡിലേക്ക് വെള്ളം കയറി നാലു വൈദ്യുതി കാലുകൾ ഒടിഞ്ഞു.
വനപാലകരും പോലീസും വനസംരക്ഷണ സമിതി പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയിരുന്നു. വൈകീട്ടോടെ പെരിങ്ങൽക്കുത്ത് ഡാം തുറന്നത് 37 അടിയാക്കി കുറച്ചതിനാൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.