പത്തനംതിട്ട: പാറക്കടവ് പാലത്തിൽ നിന്നു കാണാതായ യുവതിയുടെ മൃതദേഹം അച്ചൻകോവിലാറിന്റെ വേലൻകടവിൽ കണ്ടെത്തി.
തെങ്ങുംകാവ് കാഞ്ഞിരവിളയിൽ ആതിര സന്തോഷി(20)ന്റെ മൃതദേഹമാണ് അഴൂർ വേലൻകടവിൽ നിന്നു ലഭിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ആതിരയെ വീട്ടിൽ നിന്ന് കാണാതായത്. പുലർച്ചെ മാതാവ് എഴുന്നേറ്റപ്പോഴാണ് ആതിര മുറിയിൽ ഇല്ലെന്നു മനസിലായത്.
ഞാൻ പോകുകയാണ്, വണ്ടി പാലത്തിൽ കാണും എന്ന് എഴുതിയ കത്തും മുറിയിൽ നിന്നു ലഭിച്ചിരുന്നു.
പ്രമാടം പാറക്കടവ് പാലത്തിൽ സ്കൂട്ടർ കണ്ടെത്തിയതിനേ തുടർന്ന് പോലീസും ഫയർഫോഴ്സും വെള്ളിയാഴ്ച പകൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ തെരച്ചിൽ പുനരാരംഭിച്ചതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
ആതിര ധരിച്ചിരുന്ന ആഭരണങ്ങളും മൊബൈൽ ഫോണും വീട്ടിൽ ഉപേക്ഷിച്ചിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായിരുന്നു.
അവസാനമായി ആതിര എഴുതിയ കത്തിൽ ഒരു യുവാവ് അത്യാസന്നനിലയിലാണെന്നും ഇനി എനിക്ക് ജീവിക്കാൻ യോഗ്യതയില്ലെന്നും എഴുതിയിട്ടുണ്ട്.
എന്നാൽ ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതേയുള്ളുവെന്നും ഏത് യുവാവിന്റെ കാര്യമാണ് കത്തിലുള്ളതെന്ന് കണ്ടെത്തിയിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് പറയുന്നു.
ആതിരയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: സന്തോഷ്. അമ്മ: സീമ, സഹോദരി: അമ്പിളി.