കാട്ടാക്കട: അതിരുമലയിൽ പണ്ടൊരു തേയില തോട്ടമുണ്ടായിരുന്നു. കാട് മൂടിയ തോട്ടത്തിൽ അങ്ങിങ്ങായുള്ള തേയില ചെടികൾ പൂർവകാല ഓർമ്മകൾ അയവിറക്കുന്നു. അഗസ്ത്യമൂടിയ്ക്ക് താഴെയാണ് ഹെക്ടർ കണക്കിന് ഭൂമിയിൽ കേരളത്തിലെ ആദ്യ തേയില തോട്ടം പിറന്നത്,1830 കാലത്ത്.
അഗസ്ത്യ അലം ലാന്റ് എസ്റ്റേറ്റ് എന്ന പേരിലായിരുന്ന തോട്ടം പിന്നെ അഗസത്യമുടിയ്ക്ക് താഴെയും വ്യാപിച്ചു.ബോണക്കാട്ടും പൊൻമുടിയും ബ്രൈമൂറും ഒക്കെ. ഇടുക്കിയിലെ കണ്ണൻദേവൻ തേയില തോട്ടം വരുന്നത് 1870 കളിലാണ്.
ഒരു പാതയുടെ അതിർത്തിയായി വരുന്നതാണ് അതിരുമലയായി മാറിയത്. കോട്ടൂരിൽ നിന്നും വരുന്ന കീരവാടാത്തടം എന്ന് വിളിപേരുള്ള ട്രാവൻകൂർ പാസ്്വേയുടെ അതിർത്തിയിലാണ് അതിരുമല. അവിടെ നിന്നും പാണ്ഡ്യദേശത്തിലേയ്ക്ക് പോകുന്ന പാത.
സമുദ്രനിരപ്പിൽ നിന്നും 6700 അടി ഉയരമുള്ള ഇവിടം സന്ദർശിച്ച ബ്രിട്ടീഷുകാരാണ് ഇവിടെ വാണിജ്യ സാധ്യതകൾ കണ്ടത്. രാജാവിൽ നിന്നും പാട്ടത്തിനെടുത്ത് ഇവിടെ തേയില തോട്ടം തുടങ്ങി. ആദിവാസികളെയും തമിഴ്നാട്ടിലെ മറവന്മാർ എന്ന വിഭാഗത്തെയും കൊണ്ട് വന്ന് തേയില ചെടികൾ നട്ടുപിടിപ്പിച്ചു.
ഏലം, കുരുമുളക്, ഗ്രാമ്പൂ എന്നിവയും ഇടയ്ക്ക് നട്ടു. ബ്രീട്ടീഷുകാർക്ക് വരാനായി 10 സ്ഥലങ്ങളിൽ പാലം പണിതു. തേയില പാകമാകുമ്പോൾ കുതിരവണ്ടിയിൽ തേയിലകൊളുന്ത് നുള്ളി താഴെ ബോണക്കാട്ട് എത്തിക്കും. അവിടെ ഫാക്ടറി തുടങ്ങി.
ഏലം, ഗ്രാമ്പൂ തുടങ്ങിയവ പുറം നാട്ടിലെത്തിച്ചത് കുതിരവണ്ടികളിലാണ്. തേയിലയ്ക്കായി ഒരു ഫാക്ടറി വരുന്നത് ബോണക്കാട്ടാണ്. ബോൺ അക്കാർഡ് എന്ന് പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാണ് ഫാക്ടറി സ്ഥാപിച്ചത്.
അവിടെ നിന്നം തേയില കടൽ കടന്നു. തേയില ലണ്ടനിലേയ്ക്ക് കയറ്റി അയച്ച ഇനത്തിൽ കോടികളാണ് ഈസ്റ്റ് ഇൻഡ്യ കമ്പനി നേടിയത്. 2000 അടിയ്ക്ക് ഉയരമുള്ള പ്രദേശത്തെ തേയിലയ്ക്കേ ഗുണമുള്ളൂ എന്ന് മനസിലാക്കിയ ബ്രിട്ടീഷുകാർ അഗസ്ത്യമുടിയ്ക്ക് താഴെയുള്ള മിക്ക സ്ഥലങ്ങളിലും തോട്ടമുയർത്തി.
വെള്ളത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന എൻജിൻ വരെ ബ്രീട്ടിഷുകാർ ഇവിടെ എത്തിച്ചു. അതിനിടെ അഗസ്ത്യമലയിലെ കൊടും തണുപ്പും കാറ്റും മഴയും തേയില തോട്ടത്തിൽ വൻ പ്രശ്നമുണ്ടാക്കി. തൊഴിലാളികൾ ഒന്നൊന്നായി മരിച്ചു വീണു. ബ്രീട്ടിഷുകാരായ 4 പേർ മരണപ്പെട്ടു.
തുടർന്നാണ് അതിരുമലയിൽ നിന്നും തേയില പതിയെ ബോണക്കാട്ടേയ്ക്ക് മാറുന്നത്. അവിടെ ജോലി ചെയ്യാൻ നിർബന്ധപൂർവ്വം ജോലിക്കാരെ നിയമിച്ചു. തേയില വിളവെടുത്തു. ലാഭവും നേടി. പിന്നെ ജനാധിപത്യം വന്നു. തോട്ടമുടമ തോട്ടം മു.ബൈ ആസ്ഥാനമാക്കിയ മഹാവീർ പ്ലാന്റേഷന് വിറ്റു.
തേയില തോട്ടത്തിൽ നിന്നും കോടികളുടെ ലാഭം നേടിയ കമ്പനി പിന്നെ തോട്ടത്തിൽ വികസനപ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. അതോടെ തോട്ടം അടച്ചു പൂട്ടി. ജനാധിപത്യം വന്നപ്പോൾ അതിരുമലയിലെ തോട്ടം വനം വകുപ്പ് ഏറ്റെടുത്തു. അവിടെ നിരോധിത മേഖലയായി. പിന്നെ വന്യജീവി സങ്കേതമായി, കടുവാ സങ്കേതമായി.
ഒടുവിൽ ലോകത്തിലെ സംരക്ഷണമർഹിക്കുന്ന ലോക പൈത്യക കേന്ദ്രമായി മാറുകയും ചെയ്തു. അതിരുമലയിലെ തേയില തോട്ടം ഒടുവിൽ കാട് മൂടി. ചിലയിടങ്ങളിൽ തേയില ഇപ്പോഴും കാണും.