ന്യൂഡൽഹി: ഹരിയാനയിൽനിന്നു കൂടുതൽ വെള്ളം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡൽഹി മന്ത്രി അതിഷിയെ ആശുപത്രിയിലേക്കുമാറ്റി.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ഇന്നു പുലർച്ചെയാണ് അതിഷിയെ ദേശീയ തലസ്ഥാനത്തെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹിക്ക് അർഹതപ്പെട്ട വെള്ളം ഹരിയാനയിലെ ബിജെപി സർക്കാർ വിട്ടുനൽകുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച മുതലാണ് അതിഷി സമരം തുടങ്ങിയത്. സമരം തുടങ്ങിയശേഷം ഹരിയാന ഹത്നികുണ്ഡ് ബാരേജിന്റെ ഡൽഹിയിലേക്കു വെള്ളം തുറന്നുവിടേണ്ട എല്ലാ ഗേറ്റുകളും അടച്ചെന്ന് അവർ ആരോപിച്ചു.
613 എംജിഡി(മെഗാ ഗാലൻ പെർ ഡെ) വെള്ളം ലഭിക്കേണ്ട സ്ഥാനത്ത് 513 എംജിഡി വെള്ളം മാത്രമാണു ലഭിക്കുന്നത്. അർഹമായ വിഹിതം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യതലസ്ഥാനത്ത് ഉയർന്ന താപനിലയും ഉഷ്ണതരംഗവും ഉണ്ടായതോടെയാണു ജലക്ഷാമം രൂക്ഷമായത്. ഡൽഹിയിലെ ജനങ്ങൾക്കു തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി വാട്ടർ ടാങ്കറുകളിലെത്തിക്കുന്ന ജലമാണ് ഏക ആശ്രയം.