നിശാന്ത് ഘോഷ്
കണ്ണൂർ: തൊഴിൽ തേടി കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാനക്കാരുടെ മറവിൽ സംസ്ഥാനത്തേക്ക് മ്യാൻമർ സ്വദേശികളായ റോഹിംഗ്യൻ അഭയാർഥികളും എത്തുന്നതായി സൂചന.
മ്യാൻമറിൽ നിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകളാണ് ഇത്തരത്തിൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തുന്നത്.
ബംഗ്ലാദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് മാഫിയ ആളുകളെ ഇന്ത്യയിലേക്ക് കടത്തിയേക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, റിപ്പോർട്ടിന്മേൽ ശക്തമായ നിരീക്ഷണമോ അനധികൃത കടന്നു കയറ്റവും തടയാൻ വേണ്ട രീതിയിൽ നടപടികൾ ഉണ്ടായില്ലെന്നും വിമർശനം ഉയർന്നിരുന്നു.
ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്പ് ഉത്തർപ്രദേശിലെ ഗോരഖ് പൂരിൽ നിന്നു തിരുവനന്തപുരം കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗർ എക്സ്പ്രസിൽ ഇത്തത്തിലുള്ള മനുഷ്യക്കടത്ത് നടന്നതായാണ് വിവരം.
രപ്തി സാഗർ എക്സ് പ്രസിലെ തേഡ് എസി കോച്ചിൽ യാത്രക്കാരായിരുന്ന ഭൂരിപക്ഷവും ഗോരഖ് പൂരിൽ നിന്നു കൊച്ചുവേളിയിലേക്ക് ടിക്കറ്റെടുത്തവരായിരുന്നു.
എന്നാൽ ഇവർക്ക് ഇറങ്ങേണ്ട സ്റ്റേഷനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. കൊച്ചുവേളിയിലേക്ക് ടിക്കറ്റെടുത്ത ചിലർ കൂട്ടത്തോടെ മറ്റു സ്റ്റേഷനുകളിൽ ഇറങ്ങുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതാണ് മനുഷ്യക്കടത്താണെന്ന സംശയത്തിനിട നൽകുന്നത്.
നേരത്തെ ബംഗ്ലാദേശികളും വ്യാപകമായി കേരളത്തിൽ അതിഥിത്തൊഴിലാളികളെന്ന നിലയിൽ എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനൗദ്യോഗിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മ്യാൻമർ സ്വദേശികളും ഒരു യാത്രാ രേഖകളുമില്ലാതെ എത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.