പയ്യന്നൂര്‍: ബിഹാറിലേക്ക് ലഗേജുകളുമായി നടന്നുപോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികളായ 26 പേരെ തിരിച്ചയച്ചു. ഏഴിമല നാവിക അക്കാഡമിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് യാത്രാമധ്യേ പിടികൂടി പോലീസിന്റെ സഹായത്തോടെ തിരിച്ചയച്ചത്. ഇന്നലെ ഉച്ചയോടെ രാമന്തളി കുന്നത്തെരുവിലാണ് സംഭവം.
ണ്ണൂരിൽ നിന്ന് ട്രെയിനില്‍ ബിഹാറിലേക്ക് പോകുന്ന 30 തൊഴിലാളികളെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ രാമന്തളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിട്ടിരുന്നു. ഇതിനുശേഷമാണ് നേവിയിലെ 26 തൊഴിലാളികള്‍ ഫാൻ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി നടന്നുപോകുന്നതായുള്ള വിരം ലഭിച്ചത്.
ഉടനെ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചലില്‍ കുന്നത്തെരുവില്‍ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ബഹാറിലേക്ക് നടന്നുപോകുമെന്ന വാശിപിടിച്ച ഇവരെ പിന്തിരിപ്പിക്കാന് പറ്റാതെ വന്നപ്പോള്‍ പോലീസിന്റെ സഹായം തേടേണ്ടിവന്നു.
ഇതേതുടര്‍ന്ന് ലാത്തികളുമായി ഇറങ്ങിയ പോലീസിനെ കണ്ടതോടെ ബീഹാറിലേക്കുള്ള കാല്‍നടയാത്ര മതിയാക്കി ഇവര്‍ തിരിച്ച് നടക്കുകയായിരുന്നു. ഇതിനിടയില്‍ വിവരമറിഞ്ഞ കരാറുകാരൻ അയച്ച വാഹനത്തില്‍ കയറി ഇവര്‍ നേവിയിലേക്ക് തിരിച്ചുപോയി.
കെട്ടും ഭാണ്ഡവുമൊക്കെയായി അതീവ സുരക്ഷാക്രമികരണങ്ങളുള്ള നേവല്‍ ഗേറ്റിലൂടെ ഇവർ എങ്ങനെ പുറത്തുകടന്നുവെന്ന ചോദ്യത്തിന് മാത്രം ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങിയിരുന്നു.
ഇവരുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പിടിപ്പുകേടായി ചിത്രികരിച്ചുവെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പ്രതിഷേധത്തിന് തൊഴിലാളികളെ പ്രേരിപ്പിച്ച കരാറുകാരനെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 14 പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.