അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴു വയസുകാരിക്കു പുനർജന്മം. അഭിമാനനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി.
ഓച്ചിറ കാപ്പിൽ വിഷ്ണുഭവനിൽ ആന്റണി-വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ ലഭിച്ചത്.
ഹൃദയഭിത്തിയുടെ ജനിതക തകരാർ മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച കുട്ടിക്കു കടുത്ത ശ്വാസതടസമനുഭവപ്പെട്ടിരുന്നു.
തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി മെഡിക്കൽ കോളജിലെത്തിയത്. പരിശോധനയിൽ കുട്ടിക്കു ശ്വാസകോശത്തിൽ ഗുരുതര അണുബാധ സ്ഥിരീകരിച്ചു. ഇതു ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി.
കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രഫ.ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാലു മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി.
ഹൃദയത്തിന്റെ പുറത്ത് ആവരണം വച്ചാണ് രക്തക്കുഴലുകളുടെ തകരാർ പരിഹരിച്ചത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡില്ലാതിരുന്ന ഈ കുടുംബത്തിനു സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സാ ആനുകൂല്യം ലഭ്യമാക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ നാലു ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ പൂർണമായും സൗജന്യമായാണ് ചെയ്തു നൽകിയത്.
ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ആദ്യമായാണ് ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ കുട്ടികളിൽ വിജയകരമായി നടത്തുന്നത്.
മകളെ ജീവിതത്തിലേക്കു തിരികെയെത്തിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദിയുണ്ടെന്ന് പിതാവ് ആന്റണി പറഞ്ഞു.
അസോസിയറ്റ് പ്രഫസർമാരായ ഡോ. ബിജു.കെ.ടി, ഡോ.ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ.വിമൽ, ഡോ. മാത്യു, പെർഫ്യൂഷൻ പി.കെ. ബിജു, നഴ്സുമാരായ രാജി, അനീഷ, അഞ്ജു, ഹസീന, നഴ്സിംഗ് അസിസ്റ്റന്റ് രതീഷ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.