രാജാക്കാട്: കുത്തുങ്കലിനു സമീപം ചെമ്മണ്ണാർ പുഴയിൽ മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർക്കുത്ത് വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിൽ ഒരു പുരുഷന്റ മൃതദേഹവും 25 മീറ്റർ താഴെ മാറി വെള്ളം ഇരുവശങ്ങളിലൂടെയും ഒഴുകുന്ന പാറയിൽ രണ്ടു മൃതദേഹങ്ങൾ ഒഴുകി വന്ന് തടഞ്ഞുനിന്ന നിലയിലുമാണ് കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ് റോഷ്നി (20), അജയ് (20), ദുലീപ് (21) എന്നിവരെ തൊഴിൽ സ്ഥലത്തുനിന്നു കാണാതായിരുന്നു.
തൊഴിലാളികളെ കാണാനില്ലെന്ന് ഉടുന്പൻചോല പോലീസിൽ പരാതി ലഭിച്ചിരുന്നു.
രണ്ടാഴ്ചയായി കുത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുളിക്കാനായി റോഷ്നിയും അജയും ദുലിപും പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവർ പറയുന്നത്.
പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ ഇറങ്ങിയയാൾ പാറയിൽ ചവിട്ടി വഴുതി വീഴുന്നതിനിടെ രക്ഷിക്കാൻ ശ്രമിക്കുന്പോൾ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിലേക്ക് പതിച്ചതായിരിക്കാമെന്നും പാറയിടുക്കിൽ കുടുങ്ങിയ മൃതദേഹം ഒഴുക്കിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം.