പൂരക്കളിയോടും തെയ്യത്തിനോടും ഭ്രമം ബാധിച്ച, ഉറക്കത്തെ ഇഷ്ടപ്പെടുന്ന കണ്ണൂർ പരിയാരം മേലേരിപ്പുറം എ.വി. ഹൗസിൽ അതുൽ ജനാർദന െ ന്റ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ല. ഏതു പ്രതിസന്ധിയും മറികടന്ന് ലക്ഷ്യം നേടിയെടുക്കുക എന്നു തന്നെയായിരുന്നു 23 കാരനായ അതുലി െ ന്റ ജീവിതപാഠം. അങ്ങനെയാണ് കുസാറ്റിൽ മെക്കാനിക്കൽ എൻജിനിയറിംഗ് കഴിഞ്ഞ് കാന്പസ് ഇൻറർവ്യൂവിൽ ജോലി ലഭിച്ചിട്ടും വേണ്ടെന്നുവച്ചിട്ട് സിവിൽ സർവീസ് പരിശീലനത്തിന് പോയത്. സിവിൽ സർവീസിൽ അഖിലേന്ത്യാ തലത്തിൽ പതിമൂന്നാം റാങ്കും കേരളത്തിൽ ഒന്നാമതും എത്തി. പട്ടാളക്കാരനായ അച്ഛൻ എം.വി. ജനാർദന െ ന്റ സ്ഥലം മാറ്റത്തിനൊപ്പം രാജ്യത്തി െ ന്റ വിവിധ സ്ഥലങ്ങളിൽ പഠനം. അതിനാൽ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ തനിക്ക് സാധിക്കുമെന്നാണ് അതുൽ പറയുന്നത്. പൂരക്കളി, തെയ്യം എന്നിവയോടുള്ള പ്രേമം. ഹിന്ദി സീരിയലുകളോടുള്ള വലിയ കന്പം. ഫുട്ബോൾ, ടെന്നീസ് പ്രിയങ്ങൾ..അങ്ങനെ ഒട്ടേറെ ഇഷ്ടങ്ങൾക്കൊപ്പം ഒരിഷ്ടം മാത്രമായി പഠനവും.
സിവിൽ സർവീസ് ബാലികേറാ മലയല്ല. അതിന് പുസ്തകപ്പുഴു ആകേണ്ടതില്ല. കടുകട്ടി ഇംഗ്ലീഷും ആവശ്യമില്ല. പ്രത്യേകിച്ച് ഇൻറർവ്യൂവിൽ നമ്മൾ പറയുന്നതിലെ കാര്യങ്ങളാണ് ഇന്റർവ്യൂ ബോർഡ് നോക്കുക. വേണമെങ്കിൽ മലയാളത്തിലും പറയാം. പറയാനുണ്ടെങ്കിൽ അവർ തീർച്ചയായും സഹായിക്കുമെന്നും അതുൽ പറയുന്നു. അതുലിന്റെ വിശേഷങ്ങൾ ദീപികയുമായി പങ്കുവയ്ക്കുന്നു.
ഉറക്കത്തോട് നോ കോംപ്രമൈസ്…
ഉറങ്ങാൻ വളരെ അധികം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. കുറെ നേരം ഉറങ്ങിയാലെ എനിക്ക് നന്നായി പഠിക്കാൻ പറ്റുകയുള്ളൂ. രാത്രി 11 മുതൽ രാവിലെ ഏഴരഎട്ടു വരെ ഉറങ്ങും. കഴിഞ്ഞ പത്തു വർഷമായി പൂരക്കളി കളിക്കുന്നുണ്ട്.പരിയാരം ഉദയപുരം ക്ഷേത്രത്തിലെ പൂരക്കളി അംഗമാണ്. പൂരക്കളി പോലെ തന്നെ തെയ്യങ്ങളും കാണും. തെയ്യാട്ടക്കാലം തുടങ്ങിയാൽ തെയ്യപ്പറന്പുകളിലെ പതിവ് കാഴ്ചക്കാരനാണ്. ഹിന്ദി പാട്ടുകളും ഇംഗ്ലീഷ് ടിവി ഷോകളും കാണും. പഠനത്തിനു പ്രത്യേകിച്ചു സമയക്രമമില്ല.
സിവിൽ സർവീസിലേക്ക്…
കുസാറ്റിൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠിക്കുന്പോൾ അവസാന കാലയളവിലാണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന ആഗ്രഹം വരുന്നത്. 2015 ൽ ബിടെക് പൂർത്തിയാക്കിയ ഉടൻ തന്നെ പരിശീലനമില്ലാതെ സിവിൽ സർവീസ് പരീക്ഷ എഴുതി. എന്നാൽ പ്രിലിമിനറി പോലും കടക്കാൻ കഴിഞ്ഞില്ലെങ്കിലും ഒന്നു പരിശ്രമിച്ചാൽ നേടിയെടുക്കാമെന്ന് ചിന്തയായി. പരിശീലനത്തിനായി തിരുവനന്തപുരത്തു സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് അക്കാഡമിയിൽ ആറു മാസം. പിന്നെ സ്വകാര്യസ്ഥാപനത്തിൽ പരിശീലനം. സിവിൽ സർവീസ് തയാറെടുപ്പുകാലത്ത് നാട്ടിലെ കല്യാണം പോലെയുള്ള ചടങ്ങുകൾ ഒഴിവാക്കി. അപ്പോഴും തെയ്യവും പൂരക്കളിയും ഉത്സവങ്ങളും ഒഴിവാക്കിയില്ല.
അക്കാഡമിയിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും പഠനം ഒരു ചട്ടക്കൂട് നൽകി. പക്ഷേ, ഓരോ വിഷയവും ആഴത്തിൽ പഠിച്ചതു പുസ്തകങ്ങളുടെയും പത്രങ്ങളുടെയും വെബ്സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും സഹായത്തോടെയാണ്.
തയാറെടുപ്പ്…
ഐച്ഛിക വിഷയമായെടുത്തത് ഭൂമിശാസ്ത്രമായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ പരിശീലനത്തിനിടയിൽ ഞങ്ങൾ ഏഴുപേരടങ്ങുന്ന ഒരു ഗ്യാംഗുണ്ടായിരുന്നു. ക്ലാസുകൾ കഴിഞ്ഞാൽ ലൈബ്രറിയിൽ സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. എറണാകുളം സ്വദേശികളായ റോജിത്ത്, അനു, അനൂപ്, തിരുവനന്തപുരം സ്വദേശി അഖിൽ, ആലപ്പുഴ സ്വദേശി അഭിജിത്ത്, കണ്ണൂർ സ്വദേശി ശരത്ത് എന്നിവരായിരുന്നു ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ റോജിത്ത്, അഖിൽ, അനു എന്നിവർ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അക്കാഡമിയിൽ സിവിൽ സർവീസിലെ മുൻ റാങ്കുകാർ, വിരമിച്ച പ്രശസ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അനുഭവ വിവരണത്തോടെയുള്ള ക്ലാസുകൾ പ്രചോദനം പകർന്നു. മുതിർന്നവരുടെ ഉപദേശങ്ങൾ വഴികാട്ടിയായി. കൂട്ടുകാരുടെ ഗ്രൂപ്പുകൾ ഏറെ പ്രയോജനം ചെയ്തു. ഓരോ വിഷയത്തിന്റെയും വിവിധ വശങ്ങൾ കൂട്ടുകാരുടെ ഗ്രൂപ്പുകളിലെ ചർച്ചകളിൽനിന്നാണു മനസിലാക്കിയത്.
കടുകട്ടി പരീക്ഷ…
മെയിൻ പ്രിലിമിനറിയും മെയിനും കുറച്ചു കടുപ്പമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചോദ്യങ്ങളുണ്ടായി. മെയിനിൽ ഐച്ഛികവിഷയത്തിലെ അറിവു പരിശോധിക്കുന്ന ചോദ്യങ്ങളെക്കാളേറെ പൊതുവായ ചോദ്യങ്ങളാണു വന്നത്. വിഷയത്തിലുള്ള അറിവിനേക്കാൾ, കാഴ്ചപ്പാടും പരസ്പരബന്ധവും വ്യക്തമാക്കേണ്ട ചോദ്യങ്ങൾ. ഇന്ത്യയിലാകെ സ്മാർട് സിറ്റി പദ്ധതി നടപ്പാക്കിയാൽ എന്താകുമെന്നായിരുന്നു ഒരു ചോദ്യം. ഇന്ത്യയുടെ ഭൂപ്രകൃതിയും സ്മാർട് സിറ്റിയും ബന്ധപ്പെടുത്തുന്നതെങ്ങനെയെന്നു പരീക്ഷിക്കുകയായിരുന്നു.
കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘർഷങ്ങൾ, തെയ്യം, പൂരക്കളി, ജുഡീഷറിയുടെ ഇടപെടലുകൾ, ബ്രെക്സിറ്റ്, രാജ്യാന്തര നയതന്ത്ര ബന്ധങ്ങൾ, ഇന്ത്യൻ മഹാസമുദ്ര മേഖലയാകെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യത്തിന്റെ പ്രസക്തിയെന്ത്, ഹൈസ്പീഡ് റെയിൽ ടെക്നോളജി, കേരളത്തിന്റെ ഭൂപ്രകൃതിയും സാന്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധം, വികസനത്തിലെ കേരള മാതൃക തുടങ്ങിയ ചോദ്യങ്ങളുണ്ടായി. ചിലതിനു രണ്ടു വശവും വ്യക്തമാക്കുന്ന ഉത്തരങ്ങളാണു നൽകിയത്.
ഇന്റർവ്യൂ ബോർഡിൽ…
പഴയ വിദേശകാര്യ വക്താവ് സുജാത മെഹത്ത ചെയർമാനായുള്ള അഞ്ചംഗസംഘമായിരുന്നു ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നത്.കണ്ണൂരിൽ നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോൾ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ചായിരുന്നു ചോദ്യം. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്ന് പറഞ്ഞിട്ടും ബോർഡിലുള്ളവർ വിട്ടില്ല. ഇതിനു പരിഹാരമില്ലേയെന്നായി ചോദ്യം. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സമാധാന ചർച്ചകൾ നടന്നുവരുന്നുണ്ടെന്നും രാഷ്ട്രീയം കണ്ണൂരുകാരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളിൽ നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നില്ലെങ്കിൽ ഉപഭോക്തൃകോടതിയെ സമീപിക്കാമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. സമീപിക്കാവുന്നതാണെന്നു മറുപടി നൽകി. അങ്ങനെ പാടില്ലെന്നു ഹൈക്കോടതി ഉത്തരവുള്ള കാര്യം ഇന്റർവ്യൂ ബോർഡ് പറഞ്ഞുതന്നു. അലങ്ങിനെക്കുറിച്ചു ചോദ്യം വന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ തീരദേശ നഗരമാണ് അലങ്. കപ്പലുകൾ പൊളിക്കുന്നതിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ പ്രശസ്തം. പക്ഷേ, ഓർമ വന്നില്ല.
ഐഎഫ്സിലേക്ക്…
ഐഎഫ്എസിനാണ് ഓപ്ഷൻ നൽകിയത്. ഉയർന്ന റാങ്ക് ആയതിനാൽ അതു ലഭിക്കുമെന്നുറപ്പാണ്. രാജ്യാന്തര നയതന്ത്രബന്ധങ്ങളിൽ വലിയ താൽപര്യമുണ്ട്. വിദേശബന്ധങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ നിർണായക ഘടകമാണ്. അതുകൊണ്ടു തന്നെ, ജോലി ഒരു വെല്ലുവിളിയായി കാണുന്നു. തിരുവനന്തപുരത്ത് നടന്ന മോക്ക് ഇന്റർവ്യൂവിൽ ടി.പി. ശ്രീനിവാസൻ സാറായിരുന്നു പാനലിൽ ഉണ്ടായിരുന്നത്. മോക്ക് ഇൻറർവ്യൂ കഴിഞ്ഞ് ശ്രീനിവാസൻ സാർ എഴുതിയ “words, words, words: adventures in diplomacy’ എന്ന ബുക്ക് സമ്മാനമായി നല്കി. ഒപ്പം ഇന്ത്യൻ ഫോറിൻ സർവീസ് തെരഞ്ഞെടുക്കാൻ ഒരു ചെറിയ കുറിപ്പും. ബുക്ക് ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒപ്പം ഐഎഫ്എസ് തെരഞ്ഞെടുക്കാനുള്ള ആഗ്രഹവും വർദ്ധിച്ചു. ഐഎഫ്എസിൽ നമ്മൾ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിൽ ഏറെക്കുറെ അഭിമാനം തോന്നുന്നു.
സിവിൽ സർവീസിലെ അതുൽ സ്ട്രാറ്റജി
പഠനത്തിനു സ്വന്തം രീതികൾ വളർത്തിയെടുക്കുക. മറ്റുള്ളവരുടേത് അനുകരിക്കാതിരിക്കുന്നതാണു നല്ലത്. എല്ലാം ഹൃദിസ്ഥമാക്കാൻ ശ്രമിക്കാതിരിക്കുക. നോട്ടുകൾ കുറിച്ചെടുക്കുക. ക്ലാസിൽ ലഭിക്കുന്ന വിവരങ്ങളുടെ കൂടുതൽ കാര്യങ്ങൾ ഇന്റർനെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റും അന്നന്നു തന്നെ അറിഞ്ഞുവയ്ക്കുക. സർക്കാരിന്റെ വിവിധ പദ്ധതികൾ, നയങ്ങൾ എന്നിവ അപ്പപ്പോൾ അറിയാൻ സമൂഹമാധ്യമങ്ങൾ പ്രയോജനപ്രദമാണ്. എല്ലാ കാര്യത്തെക്കുറിച്ചും താത്പര്യത്തോടെ അറിയാൻ ശ്രമിക്കുക. സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക. നാടിനെക്കുറിച്ചും നമ്മെക്കുറിച്ചും ആഴത്തിൽ മനസിലാക്കുക. പൊതു വിജ്ഞാനം കാപ്സ്യൂൾ മോഡലിൽ മാത്രം നേടാതെ എല്ലാ വശവും മനസിലാക്കുക. ആർക്കും സിവിൽ സർവീസ് നേടാം. ഐഐടി, എൻഐഐടി എന്നിവിടങ്ങളിൽ നിന്നുള്ളവരോടാണു ഞാൻ മത്സരിച്ചത്. ഇതിലും മത്സരം വർധിക്കുകയാണ്. പഠനകാര്യങ്ങളിൽ സഹായിക്കാൻ അമ്മ ലതയും സഹോദരി നീതുവും തന്റെ ഒപ്പം ഉണ്ടായിരുന്നു.
തെയ്യത്തിന്റെയും പൂരക്കളിയുടെയും കാഴ്ചകൾ അതുലിന് ഇനി അധികമുണ്ടാകില്ല. പക്ഷേ, കാഴ്ചകളിൽ നിന്നു കാഴ്ചപ്പാടുകളിലേക്കു വളരുന്ന നയതന്ത്രപ്രതിനിധി നാടിനുണ്ടാകും. ഓഗസ്റ്റിൽ പരിശീലനത്തിന് മസൂറിയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് അതുൽ. ഒപ്പം അതുലിനെ യാത്രയാക്കാൻ നാട്ടിലെ സ്വന്തം ഗ്യാങ്ങായ ഗാരിസണ് ബോയിസും ഉണ്ട്.
റെനീഷ് മാത്യു