കുമരകം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പെട്ട മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. ഒളശ പള്ളിക്കവല അരവിന്ദശ്ശേരി അതുൽ. എബി. കുര്യൻ (21) ആണ് മരിച്ചത്.
കഞ്ഞിക്കുഴി സ്വദേശി ഷാഹുൽ, തിരുവഞ്ചൂർ സ്വദേശി അഖിൽ എന്നിവർ പരുക്കുകളോടെ രക്ഷപെട്ടു. കുമരകം നവനസ്രത്തുപള്ളി- ജെട്ടി റോഡിൽ പുറത്തേക്കരി രാജീവിന്റെ ഗോവണി പാലത്തിനു സമീപം ഇന്നലെ അർദ്ധരാത്രി 12.50നായിരുന്നു അപകടം.
കുമരകം ഇല്ലിക്കളം റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ പങ്കെടുത്ത് മൂവരും ഒരു ബൈക്കിൽ മടങ്ങിപ്പോരുന്പോഴായിരുന്നു അപകടം.
സംഭവം ഇവരിലൊരാൾ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. റിസോർട്ടിൽ നിന്നെത്തിയ കൂട്ടുകാർ പരുക്കേറ്റു റോഡിൽ കിടന്ന രണ്ടു പേരേയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബൈക്കിൽ മൂന്നു പേരുണ്ടായിരുന്ന വിവരം പിന്നീടാണ് രക്ഷിക്കാനെത്തിയവരെ അറിയിച്ചത്.
പരുക്കേറ്റവരുടെ സൃഹൃത്തുക്കൾ വീണ്ടും സംഭവസ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഒപ്പം നാട്ടുകാരും പങ്കെടുത്തു. പാലത്തിനടിയിൽ മറു വശത്തായി ഒരുകൈ മാത്രം വെള്ളളത്തിനു മുകളിൽ കാണപ്പെട്ട നിലയിൽ നാട്ടുകാരനായ ചക്കാലയ്ക്കൽ സോണി പോൾ അതുലിനെ കണ്ടെത്തി. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതുലിന്റെ പിതാവ് എബി കുര്യൻ ഒന്പത് വർഷം മുന്പ് റോഡപകടത്തിലാണ് മരിച്ചത്. അതുൽ എറണാകുളം രാജഗിരി കോളേജ് മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ്. മാതാവ്: ലീന. ഏക സഹോദരൻ: അഖിൽ. എബി. കുര്യൻ കാനഡയിൽ വിദ്യാർത്ഥിയാണ്.